ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
എസ്. എൽ. പുരം സദാനന്ദൻ: സദാനന്ദൻ്റെ കൃതികളിൽ ഏറ്റവും പ്രധാനമായതു് ‘ഒരാൾകൂടി കള്ളനായി’ എന്ന നാടകമാണു്. 1955-ൽ നടന്ന സാഹിത്യ പരിഷത്തിൻ്റെ രജത ജൂബിലിയാഘോഷത്തോടനുബന്ധിച്ചു നടത്തിയ നാടകമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ നാടകമാണതു്. അന്നത്തെ പരിശോധക സമിതിയിൽ ഈ ഗ്രന്ഥകാരൻകൂടി ഉൾപ്പെട്ടിരുന്നുവെന്നുള്ളതു് ഇപ്പോൾ ഓർമ്മിച്ചുപോവുകയാണു്. ഇതിവൃത്തം അധികം സങ്കീർണ്ണമൊന്നുമല്ല. ഇടത്തരമൊരു കുടുംബം, അതിൽ ക്ഷയരോഗബാധിതനായ ഒരു കാരണവർ, അയാൾക്കു മൂന്നു സന്താനങ്ങൾ. മൂത്തവൾ ഒരു പ്രാഥമികപാഠശാലയിലെ അദ്ധ്യാപികയും, ഇളയവൾ ഒരു വിദ്യാർത്ഥിനിയും, പുത്രനായ പ്രഭാകരൻ എസ്. എസ്. എൽ. സി. പാസ്സായി ജോലി അന്വേഷിച്ചു നടക്കുകയാണു്. അച്ഛനു മരുന്നു വാങ്ങുവാനും കുടുംബച്ചെലവുകൾ നടത്തുവാനും അദ്ധ്യാപികയുടെ ശമ്പളം ഒട്ടും മതിയാകുന്നില്ല. പ്രഭാകരൻ ജോലി അന്വേഷിച്ചു നടന്നു നടന്നു നിരാശനായി. നിസ്സഹായനായ പിതാവിൻ്റെയും, തന്നാൽ രക്ഷിക്കപ്പെടേണ്ട സഹോദരിമാരുടേയും നാരകീയ ജീവിതമോർത്ത് അവൻ്റെ ചിന്തകൾ അപകടമേഖലയിലേക്കു നിങ്ങി. അവൻ ഒരു കള്ളനായി മാറി. അവനെ കള്ളനാക്കിത്തീർത്ത പരിതസ്ഥിതികളെല്ലാം നാടകകൃത്ത് സമഞ്ജസമായി ഇണക്കിച്ചേർത്തിട്ടുണ്ടു്. അതിലെ ബീരാൻ മിഴിവുറ്റ ഒരു കഥാപാത്രമാണു്. അയാൾ പ്രഭാകരൻ്റെ പ്രവൃത്തിയെ അപലപിക്കുകയും അവനു് ഉപദേശം നല്കുകയും ചെയ്യുന്നതു നോക്കുക:
“പണിയില്ലെങ്കില് അതൊണ്ടാക്കാം, ബേണ്ടി നടക്കണ ആളന്മാര് ഈ നാട്ടിലൊണ്ടു്. നീ അബിരകോടശ്ശെല്ല്, ജോലി പോണേ പോട്ട. ശ്ശാകണേ ശ്ശാകട്ടെ പ്രപാകരാ. എന്നാലും മോട്ടിക്കരുതു പുള്ളേ, മോട്ടിക്കരുതു് .” ആ ആദർശധീരൻ്റെ വാക്കുകൾ ആസ്വാദകരെ അങ്ങേയറ്റം കോരിത്തരിപ്പിക്കുവാൻ പോരുന്നവയാണു്. നാടകത്തിൽ ഘടിപ്പിച്ചിട്ടുള്ള പ്രണയകഥയും രോമാഞ്ചജനകമാണു്. മനുഷ്യജീവിതത്തെ വീക്ഷിക്കുന്നതിലും അതിൽനിന്നു നേടുന്ന അനുഭവജ്ഞാനത്തെ ആവിഷ്ക്കരിക്കുന്നതിലും സദാനന്ദൻ ഈ നാടകത്തിൽ അഭിനന്ദനീയമായ വിജയം നേടിയിട്ടുണ്ടു്.
അണിയറ, ഇത്തിരി മണ്ണും ഒത്തിരി മനുഷ്യരും, കുറച്ചറിയുക ഏറെ വിശ്വസിക്കുക, എന്നെ സൂക്ഷിക്കുക. കുരുക്ഷേത്രം. ചിരിക്കാത്ത വീടുകൾ, വിലകുറഞ്ഞ മനുഷ്യൻ ഇവയാണ് ഈ നാടകകൃത്തിന്റെ മറ്റു കൃതികൾ.
