ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
കെ. ടി. മുഹമ്മദ്: നാടക നിർമ്മിതികൊണ്ടു കേരളത്തിൽ പ്രസിദ്ധനായിത്തീർന്ന ഒരു കലാകാരനാണു് കെ. ടി. മുഹമ്മദ്. അനേകം നാടകങ്ങൾ ഇതിനകം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടു്. സാധാരണ ജനങ്ങൾക്കു മനസ്സിലാക്കുന്നതിനും രസിക്കുന്നതിനും ചിന്തിക്കുന്നതിനുമൊക്കെ സഹായകമായിട്ടുള്ളതാണു് അദ്ദേഹത്തിൻ്റെ കൃതികൾ ഓരോന്നും. മുസ്ലീം സമുദായത്തിൻ്റെ അന്തരംഗത്തിൽ കാറ്റും വെളിച്ചവും കടത്തുവാൻ വേണ്ടി നിർമ്മിച്ചിട്ടുള്ള ഒരു സാമുദായിക നാടകമാണ് ‘ഇതു ഭൂമിയാണ്’ എന്ന കൃതി. വി. ടി. ഭട്ടതിരിപ്പാടിൻ്റെ ‘അടുക്കളയിൽ നിന്നു് അരങ്ങത്തേക്ക്’ എന്ന നാടകം അഭിനയിച്ചതു് ഒരു കാൽനൂറ്റാണ്ട് മുമ്പായിരുന്നു. ആദ്യമായി അഭിനയിച്ചത് ഒരു ഇല്ലത്തുവച്ചും അതിൻ്റെ ഫലമോ? ഉണ്ണിനമ്പൂതിരിമാരുടെ സമുദായ പരിഷ്ക്കരണത്തിൻ്റെ തീവ്രസ്ഫുരണങ്ങൾ മനയ്ക്കകത്തും മറക്കുടയ്ക്കുള്ളിലും കടന്നു ചെല്ലുവാൻ താമസമുണ്ടായില്ല. നമ്പൂതിരി സമുദായം കാലോചിതമായി മുന്നോട്ടു നീങ്ങുവാനും, തങ്ങളുടെ പുരോഗതിക്കു പ്രതിബന്ധമായി നില്ക്കുന്ന ജാത്യാചാരങ്ങളെ – അനചാരങ്ങളെയും അന്ധവിശ്വാസങ്ങളേയും – എതിർപ്പുകളോടു മല്ലിട്ട് തൂത്തെറിയുവാനും ആ നാടകം അക്കാലത്തു വമ്പിച്ച പ്രേരണ ചെലുത്തുകയുണ്ടായി. ആ ഒരു സ്ഥിതിവിശേഷമാണു് മുഹമ്മദിൻ്റെ നാടകം കൊണ്ടു മുസ്ലിം സമുദായത്തിനും ഇന്നുണ്ടാകേണ്ടതു്. നാടകം വായിച്ചു’ അതുവഴി സമുദായത്തിൽ പെട്ടെന്നു പരിവർത്തനമുണ്ടാകുമെന്നു വിചാരിച്ചുകൂടാ, അതിനു കാലങ്ങൾ പിന്നെയും വേണ്ടിവരും. ഇത്തരം നാടകങ്ങൾ മുസ്ലീം സങ്കേതങ്ങളിൽ അഭിനയിച്ചു പോക്കുട്ടിയെപ്പോലുള്ള യാഥാസ്ഥിതികന്മാരുടെ മനസ്സു തെളിക്കേണ്ടതും, അതുവഴി സമുദായ പരിവർത്തനം വരുത്തേണ്ടതുമാണു്. ഖാലിദിനേയും ഫാത്തിമയേയും പോലെയുള്ള ഉൽപതിഷ്ണുക്കൾ ആ സമുദായത്തിൽ ഇന്നും അത്ര കുറവല്ല. അതുപോലെതന്നെ ഹസ്സനേയും കദീസയേയും പോലെയുള്ള പുരോഗമനേച്ഛുക്കളും. ശരിക്കും ആശയ സംഘട്ടനം നിറഞ്ഞ – വിപ്ലവാത്മകമായ – ഇത്തരം നാടകങ്ങൾ സമുദായസങ്കേതങ്ങളിൽ അഭിനയിക്കപ്പെടേണ്ടവ തന്നെയാണ്.
മുഹമ്മദിൻ്റെ ‘കറവറ്റ പശു’വും അഭിനന്ദനമർഹിക്കുന്ന ഒരു നാടകമാണു്. പക്ഷേ, ‘വെളിച്ചം വിളക്കന്വേഷിക്കുന്നു’, ‘മുൾക്കിരീടം’ എന്നിങ്ങനെയുള്ള ചില കൃതികൾ മുഹമ്മദിൻ്റെ കഴിവിനെ പരാജയപ്പെടുത്തിയിരിക്കയാണെന്നു പറയാതെ തരമില്ല.
ഉറങ്ങാൻ വൈകിയ രാത്രികൾ, ചുവന്ന ഘടികാരം, ഞാൻ പേടിക്കുന്നു, താക്കോലുകൾ, തീക്കനൽ, മനുഷ്യൻ കാരാഗൃഹത്തിലാണു്. രാത്രിവണ്ടികൾ, ഒരു പുതിയ വീടു് ഇവയാണ് മുഹമ്മദിൻ്റെ മറ്റു നാടകങ്ങൾ.
