ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
ജി. ശങ്കരക്കുറുപ്പു്: കുറുപ്പിൻ്റെ ഇരുട്ടിനുമുമ്പു്, സന്ധ്യ എന്നിവ ആസ്വദിക്കാൻ കൊള്ളാവുന്ന രണ്ടു നല്ല ഏകാങ്കനാടകങ്ങളാണു്. ലോകത്തെ നിയതിയിലേക്കു നയിക്കുവാൻവേണ്ടി എത്യോപ്യൻ യുദ്ധത്ത പശ്ചാത്തലമാക്കി എഴുതിയിട്ടുള്ള ഒരു ഏകാങ്ക നാടകമാണു് ഇരുട്ടിനു മുമ്പു്. “കർത്തവ്യമായ ജീവിതയജ്ഞം നിറവേറ്റുന്നതിൽനിന്നു തൻ്റെ ശ്രദ്ധയെ വ്യതിചലിപ്പിച്ച ഭാര്യയായ സന്ധ്യയ്ക്കു ഭർത്താവായ ദിവസം. പാതിവ്രത്യഭംഗത്തിനു പുരാണകഥകളിൽ പതിവുള്ള ശാപമോക്ഷം നല്കിയില്ല എന്നു കവി തൻ്റെ മനോഹര സിംബോളിക്കു നാടകമായ സന്ധ്യയിൽ ചിത്രീകരിച്ചിരിക്കുന്നു.” “അധാർമ്മികവും അനിയന്ത്രിതവുമായ ഭോഗപരത്വം ആത്മവൈരൂപ്യത്തിലും ആത്മദുഃഖത്തിലും ചെന്നേ അവസാനിക്കുകയുള്ളൂ” എന്ന വിശിഷ്ട തത്ത്വം. ദിവസത്തിൻ്റെ ശാപത്താൽ സന്ധ്യയുടെ തേജോമയമായ ശരീരം തമോമയമായ പാഷാണത്താൽ ഗ്രസിക്കപ്പെടുന്നതും, അപരാധിയായ ആകാശം ആകസ്മികമായി നക്ഷത്രങ്ങളാൽ സഹസ്രാക്ഷനായി രൂപാന്തരപ്പെടുന്നതുമായ കഥാവസ്തുകൊണ്ടു കവി ഇതിൽ വ്യക്തമാക്കുകയും ചെയ്യുന്നു. ,ആഗസ്റ്റ് പതിനഞ്ചു്’, ‘മരിക്കാനും പിറക്കാനും പേടി’ ഇവ കുറുപ്പിൻ്റെ മറ്റു രണ്ടു നാടകങ്ങളാണ്.
നാഗവള്ളി ആർ. എസ്സ്. കുറുപ്പ്: കുറുപ്പിൻ്റെ’ആരുടെ വിജയം ഒരു നല്ല ഏകാങ്കനാടകമാണു്. പത്തിൽ പരം വർഷങ്ങൾ നടത്തിയ സമരത്തിൻ്റെ ഫലമായി വഞ്ചിരാജ്യത്തിൽ സ്റ്റേറ്റ് കോൺഗ്രസ്സ് വിജയത്തിൽ എത്തിച്ചേരുന്നു. എന്നാൽ അതു സ്വന്തം പരിശ്രമത്തിൻ്റെ ഫലമാണെന്നഭിമാനിക്കുന്ന കോൺഗ്രസ്സിനെ അലട്ടുവാൻ നാലുവശത്തുനിന്നു ഓരോ സംഘടനകൾ പുറപ്പെടുന്നു. ഈ കോലാഹലത്തിനിടയിൽ വഞ്ചി മാതാവു പ്രത്യക്ഷപ്പെട്ട് ത്യാഗത്തിൽനിന്നു പിറന്നു സേവനത്തിൽ പുലരുന്ന കൃഷീവലനത്രേ, അനിയന്ത്രിതമായ അധികാരത്തെപ്പോലും ആത്മാർത്ഥമായ സേവനമായി രൂപാന്തരപ്പെടുത്തുന്നവൻ എന്നു ഉൽബോധിപ്പിക്കുകയും എല്ലാവരും ആ പരമാർത്ഥം സമ്മതിക്കുകയും ചെയ്യുന്നു. അങ്ങനെ കർഷകൻ്റെ കൊടിക്കീഴിൽ സകലരും ഒത്തിണങ്ങി അണിനിരന്നു പുരോഗമിക്കുവാൻ മുതിരുന്നതോടുകൂടി നാടകവും അവസാനിക്കുന്നു. ചിന്താസുന്ദരമായ ഒരാശയം, ഒരുമണിക്കൂർകൊണ്ടു് അഭിനയിച്ചു് അവസാനിപ്പിക്കാവുന്ന ഇതിവൃത്തം, സജീവമായ സംഭാഷണങ്ങൾ എന്നിവയെല്ലാം ഒത്തിണങ്ങിയ ഈ നാടകം – ആരുടെ വിജയം – ആർ. എസ്സ്. കുറുപ്പിൻ്റെ വിജയമാണു്.
സമത്വം, മേവാർമാണിക്യം, ആഭിജാത്യം, പൊലിഞ്ഞദീപം, വിളംബരം, ശവപ്പെട്ടി, ഇൻഡ്യയുടെ മറുപടി, കല്യാണം കളിയല്ല, രണ്ടിലൊന്ന് തുടങ്ങിയവയാണു നാഗവള്ളിയുടെ മാറ്റു നാടകങ്ങൾ.
