ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
കെ. ജെ. അഗസ്റ്റിൻ : ചിരിയിൽക്കൂടി ചിന്തയിലേക്കു നയിക്കുന്ന ഒട്ടുവളരെ ലേഖനങ്ങളുടെ കർത്താവു്, നല്ല നടൻ എന്നീ നിലകളിൽ പ്രഥിതനാണു് പ്രഫസർ കെ. ജെ. അഗസ്റ്റിൻ. ‘മാത്തുത്തരകൻ, ശ്രീ അഗസ്റ്റിൻ എഴുതിയിട്ടുള്ള നാടകങ്ങളിൽ പ്രഥമ സ്ഥാനമർഹിക്കുന്നു. ‘ആധുനിക ധൂർത്തപുത്രൻ’ ബൈബിളിലെ പ്രഖ്യാതമായ കഥയെ അവലംബിച്ചെഴുതിയിട്ടുള്ള ഒരു പ്രഹസനമാണു്. ആധുനിക ധൂർത്തപുത്രൻ്റെ വിക്രിയകൾ ഇന്നത്തെ യുവജനങ്ങളെ വിവേകമതികളാക്കിത്തീർക്കാൻ കുറെയൊക്കെ പ്രേരണ ചെലുത്തുന്നവ തന്നെ. ഫലിതവും മനോധർമ്മവും നിറഞ്ഞ സംഭാഷണങ്ങൾകൊണ്ടു സജീവങ്ങളാണ് മേല്പറഞ്ഞ രണ്ടു കൃതികളും. രണ്ടും അഭിനയയോഗ്യങ്ങളുമാണു്.
വി. കൃഷ്ണൻതമ്പി എഴുതിയിട്ടുള്ള ഒരു സാമുദായിക നാടകമാണ് ‘മൃണാളിനി’. കലാപരമായി വിജയിച്ചിട്ടുണ്ടെങ്കിലും സമകാലികമായ സാമുദായിക പരിവർത്തനങ്ങളെ പ്രകാശിപ്പിക്കുവാൻ പ്രസ്തുത നാടകത്തിനു സാധിച്ചിട്ടില്ല. ‘ഇന്നത്തെ വനിത’, ‘താടക’, ‘കമലത്തിൻ്റെ കന്നിക്കേസ്” മുതലായ വേറെയും ചില പ്രഹസനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
അംബ: ഉള്ളൂരിനെ ഒരു മഹാകവിയായിട്ടാണു നാമറിയുന്നതു്. അദ്ദേഹത്തിൻ്റെ അംബ, നാടകശാഖയിൽ സവിശേഷം പ്രസ്താവയോഗ്യമാകുന്നു. ‘നാടകാന്തം കവിത്വം’ എന്ന ചൊല്ലിനു വിപരീതമായി ആധുനികലോകം കവിത്വാന്തം നാടകം അഥവാ നാടകാദ്യം കവിത്വം എന്ന നിലയിലേക്കു കടന്നിരിക്കുകയാണല്ലോ. എന്നാൽ മഹാകവിയുടെ ഈ നാടകമാകട്ടെ പഴയ പാരമ്പര്യത്തിൻ്റെ മഹത്ത്വത്തെ പ്രകാശിപ്പിക്കുകയാണു ചെയ്യുന്നതു്. ഉള്ളൂരിൻ്റെ പാണ്ഡിത്യവും നിരീക്ഷണ പാടവവും, പരിപുഷ്ടവും പരിപക്വവുമായ ദശയിൽ എത്തിയശേഷം രചിച്ചിട്ടുള്ള ഒരു ഉത്തമ ഗദ്യനാടകമാണു് പ്രസ്തുത കൃതി. ഈ രൂപകത്തെപ്പറ്റി വടക്കുംകൂർ ഇങ്ങനെ പ്രസ്താവിക്കുന്നു:
“ഭാരതഖനിയിൽ പ്രകാശമാനമായിത്തീർക്കുന്ന അംബോപാഖ്യാനരത്നത്തെ തിരഞ്ഞെടുത്തു നാടകോചിതങ്ങളായ പല മാറ്റങ്ങളും വരുത്തി പുതുക്കി മിനുക്കി മോടിപിടിപ്പിച്ചു മഹാകവി നിർമ്മിച്ച ഒരു വിശിഷ്ടഭൂഷണമാണു് പ്രസ്തുത രൂപകം. പുരാണ പാത്രങ്ങളുടെ മേന്മ പ്രകാശിപ്പിക്കുന്നതിലും നൂതനപാത്രങ്ങളെ സൃഷ്ടിച്ചു ചേർത്തിണക്കുന്നതിലും വിവിധങ്ങളായ രസങ്ങളെ നിവേശിപ്പിക്കുന്നതിലും അർത്ഥഗർഭങ്ങളായ ഫലിതങ്ങൾ കല്പിക്കുന്നതിലും, ബഹുരൂപങ്ങളായ ധർമ്മങ്ങളെ പ്രതിപാദിക്കുന്നതിലും സർവ്വോപരി പരിപാവനമായ ഭാരതീയ സംസ്കൃതിയുടെ മേന്മയെ ഉപദേശിക്കുന്നതിലും കവി ഈ നാടകത്തിൽ പ്രത്യേകം മനസ്സിരുത്തി, പ്രവർത്തിച്ചിട്ടുണ്ട്. നൂതന പ്രസ്ഥാനങ്ങളിൽ നിർമ്മിതങ്ങളായിരിക്കുന്ന ആധുനിക നാടകങ്ങളുടെ കൂട്ടത്തിൽ അംബയുടെ സാദൃശ്യം വഹിക്കുന്ന കൃതികൾ വളരെ കുറവായിരിക്കും.” * (മാതൃഭൂമി ആഴ്ചപ്പതിപ്പു്, 1950 സെപ്തംബർ 3-ാം തീയതി).
