ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

മുഹമ്മദു ബഷീർ: ‘കഥാബീജം’ 1119-ൽ എറണാകുളം മഹാരാജാസ് കോളേജിൽ വച്ചു നടന്ന സാഹിത്യപരിഷൽ സമ്മേളനത്തിൽ അഭിനയിക്കുവാൻവേണ്ടി ചുരുങ്ങിയ സമയത്തിനുള്ളിൽ ബഷീർ എഴുതിയ ഒരു നാടകമാണു്. സാഹിത്യകാരൻ ദയനീയ ജീവിതത്തെ ഹൃദയസ്പൃക്കായി ചിത്രീകരിക്കുകയാണിതിൽ ചെയ്തിട്ടുള്ളതു്. കഥാനായകനായ സദാശിവൻ – സാഹിത്യകാരൻ – ആരെന്തുപറഞ്ഞാലും സമ്മതിച്ചുകൊടുക്കുന്ന ഒരു പച്ചപ്പാവയായിപ്പോയി എന്നു ചിലർക്കു് ഒരാക്ഷേപമുണ്ട്. കലാഭംഗിക്കു് ഒരിടത്തും കുറവില്ല.

ബ്രഹ്മവ്രതൻ: മലയാള നാടക വേദിയിൽ പല പരിഷ്കാരങ്ങളും പരിവർത്തനങ്ങളും വരുത്തിക്കൊണ്ടിരിക്കുന്ന ഒരു നല്ല നാടകകൃത്താണ് സ്വാമി ബ്രഹ്മവ്രതൻ. പുരോഗമനത്തിൻ്റെപേരിൽ എന്താഭാസവും വിളിച്ചോതാമെന്നു വിചാരിക്കുന്നവർ ഇന്നു് അധികംപേരുണ്ടല്ലോ. അത്തരത്തിലുള്ള മലിനതകൾ ഒന്നുംതന്നെ ബ്രഹ്മവ്രതൻ്റെ കൃതികളെ ബാധിച്ചിട്ടില്ല. സമ്പന്നന്മാരെ പുരോഗതിക്കെതിരായി നിലകൊള്ളുന്ന ഒരു വർഗ്ഗക്കാരായി ചിത്രീകരിക്കുകയും, സകല ദുർഗ്ഗുണങ്ങളുടേയും സങ്കേതമായി പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായമാണല്ലോ ഇന്നത്തെ പുരോഗമനക്കാരിൽ അധികംപേരും സ്വീകരിച്ചിട്ടുള്ളതു്. തൊഴിലാളികളിലും മുതലാളികളിലും സാധാരണക്കാരിലും സമ്പന്നരിലും സ്വഭാവത്തിനു ഗുണവും ദോഷവും കാണാവുന്നതാണു്. കലാകാരന്മാർ അവയെ തികഞ്ഞ ആത്മാർത്‌ഥതയോടെ ചിത്രീകരിക്കുകയാണു വേണ്ടതു്. സ്വാമിയുടെ നാടകങ്ങൾക്ക് ആ ഒരു ഗുണം തികച്ചും ഉണ്ടെന്നു പറയാം. ‘പ്രഫുല്ലഹൃദയം അഥവാ ശോഭനം’ ഒരു സാമുദായിക നാടകമാണ്. അതിലെ ഒരു പ്രഭുവായ രഘുറാമിനേയും അയാളുടെ പുത്രൻ ഉമാപതിയേയും സൽഗുണങ്ങളുടെ ഉറവിടമായി ചിത്രീകരിച്ചു വർ​ഗ്​ഗൈക്യം വരുത്തുവാൻ നാടക കർത്താവു ശ്രമിച്ചിരിക്കുന്നു. ഈ വിധമുള്ള സമചിത്തത ഇന്നത്തെ പുരോഗമനക്കാർ കൂടുതലായി കൈക്കൊണ്ടിരുന്നെങ്കിൽ വർദ്ധിച്ചുവരുന്ന വൈരുദ്ധ്യങ്ങൾ താനേ മറഞ്ഞുപോകുമായിരുന്നു. ബ്രഹ്മവ്രതനെപ്പോലുള്ള സാഹിത്യകാരന്മാരുടെ കൃതികൾ ഇക്കാലത്തു വർദ്ധിച്ചുവരേണ്ടതു് വളരെ ആവശ്യമാണു്. രജപുത്രരക്തം, വാസവദത്ത, അശുകുടിരം, മായ, പൊൻപുലരി, തപ്തമേഖല, കുലസ്ത്രീ. പെണ്ണും മണ്ണും, അനാർക്കലി, 1857, ഇരവിക്കുട്ടിപ്പിള്ള, കിനാവിൻ്റെ കിരണങ്ങൾ, കൈത്തോക്കും പുല്ലാങ്കുഴലും, കൊടുംകാറ്റ്, ജീവിതം ആരംഭിക്കുന്നു, ദുരന്തരാഗം, നവോത്ഥാനം, ഭൂമിയുടെ ധിക്കാരം, മരണം മധുരമാണ്, മേരി മ​ഗ്ദലേന, രക്തലീല, വീരശ്രീ പഴശ്ശിരാജ എന്നിങ്ങനെ ഒട്ടേറെ കൃതികൾ ബ്രഹ്മവ്രതൻ നിർമ്മിച്ചിട്ടുണ്ട്.