ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

സി. മാധവൻപിള്ള : ഇ. വി.യെപ്പോലെ ഫലിതരസികനായ ഒരു കലാകാരനാണു് മാധവൻപിള്ള. സ്ത്രീധനം, കുമാരികമല, വെണ്ണിലാവ്, വീരാംഗന, പ്രണയബോമ്പ്, പ്രേമയാതന എന്നിവയാണു് ഈ കലാകാരൻ്റെ കൃതികൾ. പ്രേമയാതന ശോകാത്മകമായ – ഏറ്റവും ഹൃദയഹാരിയായ – ഒരു നാടകമെന്നേ പറയേണ്ടു. മാധവൻപിള്ളയുടെ മേല്പറഞ്ഞ കൃതികൾ ഓരോന്നും അഭിനയയോഗ്യമാണു്.

കെ. ദാമോദരൻ: വടക്കേ മലബാറിലെ സമുദായ ജീവിതത്തെ പ്രതിഫലിപ്പിച്ചുകാണിക്കുന്ന പുരോഗമനോന്മുഖമായ ഒരു കൃതിയാണു് ദാമോദരൻ്റെ ‘പാട്ടബാക്കി.’ ജന്മികുടിയാൻ ബന്ധത്തിൻ്റെ വഴിപിഴച്ച ഗതിയെ പ്രസ്തുത നാടകത്തിൽ നിശിതമായി വിമർശിച്ചിരിക്കുന്നു. പുരോഗമനപരമായ ആശയങ്ങളുടെ പ്രകടനം നാടകത്തിൽ നിറഞ്ഞു കാണാം.

വി. ടി. ഇന്ദുചൂഡൻ: സാമൂഹ്യസാമ്പത്തിക വ്യവസ്ഥിതികളെ പശ്ചാത്തലമാക്കി യഥാതഥപ്രസ്ഥാനത്തിൽ എഴുതിയിട്ടുള്ള ഒരു നല്ല നാടകമാണു് ഇന്ദുചൂഡൻ്റെ ‘നിവർന്നുനില്ക്കാറായി’ എന്ന കൃതി. നമുക്കു പരിചയമുള്ള ഒരു നാട്ടിലെ മർദ്ദനകഥയാണിതിൽ അതേപടി പകർത്തിയിട്ടുള്ളതെന്നു വായനക്കാർക്കു തോന്നാതിരിക്കുകയില്ല. അത്രമാത്രം അനുഭവപരമാണു് പ്രതിപാദനം. ഇന്നത്തെ സാമൂഹ്യഘടനയെ എതിർപ്പാനുള്ള വഴികളും കഥാപാത്രങ്ങളിൽക്കൂടി നാടക കർത്താവു വ്യക്തമാക്കുന്നുണ്ടു്. പ്രേമരംഗങ്ങൾ ചിലതിലുണ്ടെങ്കിലും അശ്ലീലതയുടെ യാതൊരു കറുപ്പും പകർന്നിട്ടില്ലെന്നുള്ളത് എടുത്തുപറയത്തക്ക ഒരു ഗുണമാണ്’. പുരോഗമന സാഹിത്യത്തിനു് പ്രസ്തുത കൃതി ഒരു നേട്ടംതന്നെ. ‘ശുദ്ധീകരണം’ ഇന്ദുചൂഡൻ്റെ മറ്റൊരു നാടകമാണു്.