ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
കെ. രാമകൃഷ്ണപിള്ള: ഒരു നല്ല നടനും നാടക നിർമ്മാതാവുമെന്ന നിലയിൽ പ്രസിദ്ധനായ ഒരു കലാകാരനാണു് കുട്ടനാട്ടു രാമകൃഷ്ണപിള്ള ബി. എ., ബി. എൽ. കലയുടെ മൗലികോദ്ദേശ്യത്തെസ്സംബന്ധിച്ചിടത്തോളം വളരെ പുരോഗമിച്ചിട്ടുള്ളവയത്രെ അദ്ദേഹത്തിൻ്റെ മിക്ക നാടകങ്ങളും. ‘തച്ചബാഷ്പം’ കേരളകലാമണ്ഡലം നടത്തിയ നാടക നിർമ്മാണ മത്സരത്തിൽ സമ്മാനാർഹമായിത്തീർന്ന ഒരു നാടകമത്രെ. ‘കമണ്ഡലു’, അഞ്ച് ഏകാങ്കങ്ങളുടെ സമാഹാരമാണു്. വെള്ളിനക്ഷത്രം തുടങ്ങിയ ഏഴ് ഏകാങ്കങ്ങളാണു് ‘നാളെ’ എന്ന സമാഹാരത്തിലുള്ളതു്. ‘കള്ളനാണയങ്ങ’ളും ഏതാനും ഏകാങ്കങ്ങളുടെ സമാഹാരം തന്നെ. ശാകുന്തളം, ഉത്തരരാമചരിതം തുടങ്ങിയ സംസ്കൃത നാടകങ്ങളെ പശ്ചാത്തലമാക്കി എഴുതിയിട്ടുള്ള ചില രംഗങ്ങളാണു്’ ‘യുഗസമാഗമ’ത്തിലുള്ളതു്. ജാതകം മാറുന്നു, കർണ്ണൻ, ഭരതൻ, രാവണൻ എന്നിവയാണു’ മറ്റു നാടകങ്ങൾ. ആശയങ്ങളെ ആവിഷ്കരിക്കുന്ന വിഷയ ത്തിൽ രാമകൃഷ്ണപിള്ള ഓരോ കൃതിയിലും അഭിനന്ദനീയമായ വിജയം കൈവരിച്ചിട്ടുണ്ട്.
നെടുഞ്ചിറ: സുപ്രസിദ്ധനായ ഒരു കവിയും, നാടകകൃത്തുമാണ് ഫാദർ ജോസഫ് നെടുഞ്ചിറ. ‘പുളകം’ ഇരുപത്തൊന്നു രംഗങ്ങളായി നിർമ്മിച്ചിട്ടുള്ള അഭിനയയോഗ്യമായ ഒന്നാന്തരം ഒരു പ്രഹസനമത്രേ. പുളകോൽഗമകാരിയായ പുളകത്തിനു പുറമേ, കർമ്മധീരൻ, ധർമ്മപത്നി, സുകൃതീന്ദ്രൻ, തപ്തബാഷ്പം, വിജയം, അഭഗ്നമുദ്ര, മേരീദാസൻ എന്നിങ്ങനെ ആറേഴ് കൃതികൾകൂടി ഈ കലാകാരൻ കൈരളിക്കു സമർപ്പിച്ചിട്ടുണ്ടു്.
പാലാ ഗോപാലൻ നായർ: ആദർശയോഗ്യവും അഭിനയ പ്രധാനവുമായ ഒരു കൃതിയാണു് ഗോപാലൻ നായരുടെ ‘നനയാത്ത കണ്ണുകൾ.’ ആദർശപൂർണ്ണമായ ജീവിതം നയിക്കുന്ന വേണുവാണ് പ്രേമാത്മകമായ പ്രസ്തുത കൃതിയിലെ നായകൻ. ധൂർത്തനായ പ്രസാദ് പ്രതിനായകനും. നായികയായ ലക്ഷ്മി സൗന്ദര്യസൗശീല്യാദികളുടെ വിളനിലമായി വിലസുന്നു. പ്രതിനായികയായ കുബേരകുമാരി രമയാകട്ടെ, അഹങ്കാരാദി ദുർഗുണങ്ങളുടെ കേളീനിലയവും. പാവപ്പെട്ട ഒരാത്മാവിൻ്റെ ദുസ്സഹമായ ദുരനുഭവങ്ങളുടെ ചിത്രീകരണമാണു് ഈ നാടകത്തിലെ മുഖ്യമായ അംശം. നാടകം വായിക്കയോ അഭിനയിച്ചുകാണുകയോ ചെയ്താൽ നനയാത്ത കണ്ണുകൾ കാണുകയില്ല. പ്രസ്തുതഭാഗത്തെ ആസ്പദമാക്കിയാണു് നാടകത്തിനു പേർ കൊടുത്തിട്ടുള്ളത്. രമയുടെ ഭൃത്യരായ വേലുവിൻ്റേയും മാധവിയുടെയും അഭിനയഭാഗങ്ങൾ ആരെയും രസിപ്പിക്കുവാൻ പോരുന്നവതന്നെ. ഗോപാലൻനായരുടെ മറ്റൊരു കൃതിയായ ‘കവിയുടെ മകളും’ രസാവഹമായ ഒരു നാടകമത്രെ. ‘രാഹുകാലം’ നല്ലൊരേകാങ്ക നാടകമാണു്.
