ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
കേശവദേവ് : കേരളത്തിലെ പുരോഗമന സാഹിത്യകാരന്മാരുടെ മുന്നണിയിൽ നില്ക്കുന്ന ഒരു സാഹിത്യകാരനാണു് ദേവ്. കഥാസാഹിത്യത്തിലെന്നപോലെതന്നെ, നാടക സാഹിത്യത്തിലും അദ്ദേഹത്തിൻ്റെ കരവിരുതു പ്രകാശിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. റിഹേഴ്‌സൽക്യാമ്പ് എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു ഏകാങ്കനാടകം, പിന്നീടു കോട്ടയം പുരോഗമന സാഹിത്യസമ്മേളനത്തിൽ അഭിനയിക്കുവാൻ വേണ്ടി നീട്ടിയെഴുതിയ ഒരു ട്രാജഡിയാണു ദേവിൻ്റെ ‘നാടകകൃത്തു് ‘. പട്ടിണി എന്ന ജീവിത പ്രശ്നത്തോടു പൊരുതുന്ന ഒരു നാടകമാകയാൽ ഇതു പുരോഗമനോന്മുഖമായ ഒരു കൃതിയാണെന്നു പറയേണ്ടതില്ലല്ലോ. എന്നാൽ ദേവിൻ്റെ കലാപരമായ കഴിവുകൾ ഈ നാടകത്തിൽ വേണ്ടത്ര പ്രകാശിപ്പിച്ചിട്ടില്ലെന്നുള്ളതു് ഇതിൻ്റെ മേന്മയ്ക്ക് ഒരിടിവുതന്നെയാണു്. വൈരുദ്ധ്യങ്ങളുടെ വളർച്ചയും സംഘട്ടനവും ഹൃദയസ്പർശകമായി പ്രകാശിപ്പിക്കുവാൻ നാടകകൃത്തു സർവ്വഥാ ശക്തനായിട്ടുണ്ട്.
ഉപഹാസങ്ങളാണു് – വിശേഷിച്ചും രാഷ്ട്രീയോപഹാസങ്ങളാണു – ദേവിൻ്റെ നാടകങ്ങളിൽ അധികമെണ്ണവും. സമുദായ കലാപങ്ങൾ ഇളക്കിവിട്ടു തൻ കാര്യം നേടാൻ പരിശ്രമിക്കുന്ന രാജ്യദ്രോഹികളെ കർക്കശമായി വിമർശിച്ചുകൊണ്ടെഴുതിയിട്ടുള്ള മറ്റൊരു നാടകമാണു് ‘തസ്ക്കരസംഘം’. ഇന്നത്തെ രാഷ്ട്രീയ പ്രശ്നത്തെ നിശിതമായി വിമർശിക്കുന്നു. ‘ചെകുത്താൻ്റെയും കടലിൻ്റെയും ഇടയിൽ’ എന്ന നാടകത്തിൽ. ” ഭ്രാന്തുപിടിച്ച ഭീകര പ്രവർത്തനങ്ങളുടേയും അധികാരിവർഗ്ഗത്തിൻ്റെ മദ്ദനങ്ങളുടേയും ഇടയിൽക്കിടന്നു സാമാന്യജനങ്ങൾ വീർപ്പുമുട്ടുന്ന സംഭ്രമജനകമായ ചിത്രത്തിനു് ഒരു നാടകീയത കൊടുത്തിരിക്കയാണു്’ പ്രസ്തുത കൃതിയിൽ എന്നു ഗ്രന്ഥകാരൻതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ‘പ്രധാനമന്ത്രി’യിൽ നമ്മുടെ രാജ്യത്തെ ജനകീയ ഭരണത്തിൻ്റെ സ്വരൂപവും സ്വഭാവവുമാണു് ചിത്രീകരിച്ചിട്ടുള്ളതു്. ‘വിവാഹമോചനം’, ‘ഞാനിപ്പക്കമ്മൂണിഷ്ടാവും’ എന്നിവ ചെങ്കൊടിയുടെ തണലിൽനിന്നു പിന്തിരിഞ്ഞശേഷം, ദേവ് എഴുതിയിട്ടുള്ള ചില പരിഹാസ നാടകങ്ങളത്രേ. ഒരുമുറി തേങ്ങ, ഓണബ്ളൗസ്, കൊല്ലനും കൊല്ലത്തീം ഒന്ന്, തറവാടു്, മന്ത്രിയാക്കൊല്ലെ എന്നിങ്ങനെ വേറേയും കൃതികൾ ദേവ് എഴുതിയിട്ടുണ്ട്.
