ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
തോമസിൻ്റെ മറ്റൊരു കൃതിയാണു് ‘128-ൽ ക്രൈം 27’. പുതിയ ഒരു നാടകീയസങ്കേതത്തിലൂടെയാണു് ഇതിൻ്റെ രചന സാധിച്ചിട്ടുള്ളതു്. ഒരു ആശാനും ശിഷ്യനുമാണ് കഥാപാത്രങ്ങൾ. ശിഷ്യനെ ചില കാര്യങ്ങൾ പഠിപ്പിക്കാൻവേണ്ടി ആശാൻ അഭിനയിച്ചുകാണിക്കുന്ന നാടകത്തിലാണു് കഥാതന്തു കിടക്കുന്നതു്. നാടകത്തിനുള്ളിൽ നാടകം! പുതിയ ഒരു പരീക്ഷണമെന്ന നിലയിൽ ‘ക്രൈം 27’ നമ്മുടെ ശ്രദ്ധയെ സവിശേഷം അർഹിക്കുന്നു. പക്ഷേ, നിങ്ങൾ കാണാൻപോകുന്നതു് യഥാർത്ഥ സംഭവമൊന്നുമല്ല, ഈ മഠയനെ ചില കാര്യങ്ങൾ പഠിപ്പിക്കാൻവേണ്ടി താൻ ഏർപ്പാടുചെയ്ത ഒരു നാടകമാണു് എന്നു് ആശാൻ പ്രസ്താവിക്കുന്നതോടുകൂടി ആ നാടകത്തെക്കുറിച്ചു തോന്നേണ്ട യാഥാർത്ഥ്യപ്രതീതി നശിച്ചുപോകുന്നു. ഒരു കലാസൃഷ്ടിയെ സംബന്ധിച്ചിടത്തോളം അതൊരു ന്യൂനതയാണല്ലൊ. നിലവിലിരിക്കുന്ന മാനുഷിക നിയമങ്ങളേയും നീതികളേയും സദാചാര നിയമങ്ങളേയും ചോദ്യംചെയ്യുന്ന ഈ കൃതിയിൽക്കൂടി ചിന്താർഹങ്ങളായ പല പ്രശ്നങ്ങളും തോമസ് അവതരിപ്പിച്ചിട്ടുണ്ട്. ‘ശാലോമി’, പ്രസിദ്ധമായ ബൈബിൾ കഥയെ ആസ്പദമാക്കി തോമസ് രചിച്ചിട്ടുള്ള പ്രശസ്തമായ ഒരു റേഡിയോനാടകമാണു്. മോളിയേയുടെ ‘ലുബ്ധ’നെ അനുകരിച്ചു് എഴുതിയിട്ടുള്ള ഒരു വിനോദനാടകമത്രേ ‘പിശുക്കൻ്റെ കല്യാണം’. ആ മനുഷ്യൻ നീതന്നെ, വിഷവൃക്ഷം ഇവയാണു് മറ്റുരണ്ടു നാടകങ്ങൾ * (സി. ജെ. – കൂത്താട്ടുകുളത്തു ചൊള്ളമ്പേൽ കടുംബത്തിൽ ജോൺ കത്തനാരുടെ പുത്രനായി 1918 നവംബർ 14-ാം തീയതി ജനിച്ചു. 1960 ജൂലൈ 14-ാം തീയതി വെല്ലൂർ ആശുപത്രിയിൽവച്ചു നിര്യാതനായി.)
