ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

സി. ജെ. തോമസ്: കേരളത്തിലെ കിടയറ്റ ഒരു സ്വതന്ത്രചിന്തകനും നിരൂപകനുമാണു് സി.ജെ. തോമസ്. അദ്ദേഹമെഴുതിയിട്ടുള്ള ഒരു പുരോഗമന നാടകമത്രേ ‘അവൻ വീണ്ടും വരുന്നു’ എന്ന കൃതി. വിവാഹം കഴിഞ്ഞയുടനെ നവവധുവിനേയും വൃദ്ധയായ മാതാവിനേയും, വീട്ടിലാക്കിയിട്ടു മാത്തുക്കുട്ടി പട്ടാളത്തിൽ ചേർന്നു. നാലു വർഷക്കാലം പണമയച്ചുകൊടുത്തു് ആ ഭാര്യയേയും മാതാവിനേയും അവൻ പോറ്റി. എന്നാൽ ഭാര്യ – സാറാമ്മ – മാത്തുക്കട്ടിയുടെ ഒരു സ്നേഹിതൻ കുഞ്ഞുവർക്കിയുമായി പ്രണയബന്ധത്തിലേർപ്പെട്ടു. യുദ്ധരംഗത്തിൽവച്ചു കണ്ണ് രണ്ടും നഷ്ടപ്പെട്ട മാത്തുക്കട്ടി തിരിച്ചെത്തിയപ്പോൾ തൻ്റെ ഭാര്യ ഗർഭിണിയാണെന്നുള്ള വിവരമറിഞ്ഞു. ജീവിതത്തിലെ എല്ലാ ആശകളും അതോടെ തകർന്ന ആ അന്ധൻ അവളോടു ക്ഷമിച്ചു. പക്ഷേ, അയാൾക്കു വീണ്ടുമവളെ സ്നേഹിക്കാൻ സാദ്ധ്യമല്ലാതായി ഈയവസരത്തിലാണു് ഫാക്ടറിത്തൊഴിലാളികളുടെ ഒരു സായുധ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതു്. കൈബോമ്പുകൾ നിർമ്മിക്കുന്നതിനുംമറ്റും ആ ‘എക്സ് മിലിട്ടറി’ക്കാരനു നല്ല നിശ്ചയമാണ്. ഇതിനകം മരണമടഞ്ഞ സ്വമാതാവിൻ്റെ മൃതശരീരം കൂടി സംസ്‌കരിക്കാൻ നില്ക്കാതെ, സാറാമ്മയെ കുഞ്ഞുവർക്കിയുടെ കൈയിൽ ഏല്പിച്ചുകൊടുത്തിട്ട് മാത്തുകുട്ടി വിപ്ലവരംഗത്തേക്കു പുറപ്പെട്ടു. സാറാമ്മ പ്രസവിച്ച കുഞ്ഞിനു് അവളുടെ താൽപര്യപ്രകാരം വിപ്ലവത്തിൽ വെടിയേറ്റു മരിച്ച മാത്തുക്കുട്ടിയുടെ പേരിടുകയും ചെയ്തു. പട്ടാളത്തിൽനിന്നുള്ള മാത്തുക്കുട്ടിയുടെ പ്രത്യാഗമനത്തിനും, ശിശുവിൻ്റെ ജനനത്തിനുംമുമ്പു് അണിയറയിൽനിന്ന് ഒരുപദേശി പ്രസംഗിക്കുന്നതു കേൾക്കാം, “അവൻ വീണ്ടും വരുന്നു” എന്നു്. നാടകത്തിൻ്റെ നാമകരണവും അതുതന്നെ. വളരെ സങ്കീർണ്ണമായ ഒരു പ്രമേയത്തെ അവതരിപ്പിക്കുകയാണു് – നിലവിലിരിക്കുന്ന ക്രൈസ്തവ വിവാഹബന്ധങ്ങളുടെ നിയമസാധുതയെ ചോദ്യംചെയ്യുകയാണു് – മൂന്നങ്കങ്ങളുള്ള ഈ നാടകത്തിൽ ചെയ്യുന്നതു്. ബൈബിൾ വാക്യങ്ങൾ ധാരാളം ഉദ്ധരിക്കന്നതു നാടകത്തിൻ്റെ ആകർഷകത്വത്തെ വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, സ്വാഭിപ്രായസ്ഥാപനത്തിനു ഗ്രന്ഥകാരൻ അവയെ വളച്ചൊടിച്ചു വ്യാഖ്യാനിക്കുന്നതുപോലെ തോന്നിപ്പോകുന്നു. നാലുവർഷക്കാലം തൻ്റെ ജീവനെ പണയപ്പെടുത്തി പോറ്റിയ ഭാര്യ. അയാളോടു ചെയ്യുന്ന വിശ്വസ്തതാലംഘനത്തേയും, ഒരു ആത്മസുഹൃത്തു് തൻ്റെ ഭാര്യയെ അശുദ്ധമാക്കിയ വഞ്ചനയേയും ഗ്രന്ഥകാരൻ ഇതിൽ സാധൂകരിക്കാൻ ശ്രമിച്ചിരിക്കുകയാണു്. ആ പ്രവൃത്തി പാപമാണെന്നു സ്മരിപ്പിക്കുന്ന ഉപദേശിയെ കൂടുതൽ വികൃതമാക്കിക്കാണിച്ച് അപഹസിക്കാനും, അനുവാചകരിൽ ചിലരെങ്കിലും ഗ്രന്ഥകാരൻ്റെ ഈ പുരോഗമനാശയങ്ങളോടു യോജിച്ചില്ലെന്നുവരാം. ഒരു കലാസൃഷ്ടി എന്ന നിലയിൽ പ്രസ്തുത നാടകം വളരെ വിജയിച്ചിട്ടുണ്ടു്. യാഥാർത്ഥ്യബോധം ജനിപ്പിക്കുന്ന സംഭവങ്ങളും സംഭാഷണങ്ങളുമാണ് ഓരോ രംഗത്തിലുമുള്ളതു്. രംഗവിധാനം, നാടകീയത തികച്ചും വ്യക്തമാക്കുന്ന വിധത്തിലുള്ളതുമാണ്. പ്രസ്തുത നാടകം ‘വഹ്’ ഫിർ ആ രഹാ ഹേ’ എന്ന ശീർഷകത്തിൽ ജി. വാസുദേവ് ഹിന്ദിയിൽ വിവർത്തനം ചെയ്തിട്ടുണ്ടെന്നുള്ള വസ്തുത കൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.