ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

പുളിമാന: മലയാളത്തിലെ കഥാസാഹിത്യത്തിലും നാടകസാഹിത്യത്തിലും ഒരു കൊള്ളിമീൻ എന്ന പോലെ അതിവേഗത്തിൽ ശോഭ പരത്തി കടന്നുപോയ പ്രതിഭാശാലിയായ ഒരു കലാകാരനാണു് പുളിമാന പരമേശ്വരൻപിള്ള അദ്ദേഹത്തിൻ്റെ പുതുമപൂണ്ട ഒരു നാടകമാണു് ‘സമത്വവാദി’. സമത്വവാദിക്കുമുമ്പ് ഏതെങ്കിലും ഒരു എക്സ് പ്രഷണിസ്‌റ്റു നാടകം ഇവിടെ ഉണ്ടായതായി അറിവില്ല. അതുകൊണ്ടാണു് പ്രസ്തുത കൃതിയെ പുതുമകലർന്നതെന്നു പറയുവാൻ കാരണം. സാമൂഹ്യ വിപ്ലവത്തിൻ്റെ അനിയന്ത്രിതമായ ഒഴുക്കിൽപ്പെട്ടു തകരുന്ന പ്രഭുവർഗ്ഗത്തിലെ ഒരു കുടുംബത്തിൻ്റെ കഥയാണു് അതിലെ ഇതിവൃത്തം. നാടകത്തിലെ ഓരോ കഥാപാത്രവും ഓരോ ആശയത്തിൻ്റെ പ്രതിരൂപമായി നിലകൊള്ളുന്നു. സമുദായത്തിൻ്റെയും വ്യക്തികളുടെയും ജയാപജയങ്ങളെ സംബന്ധിച്ച അനേകം മൗലിക തത്ത്വങ്ങൾ ക്രാന്തദർശിയായ നാടകകർത്താവു് അതിൽ സമന്വയിച്ചിട്ടുണ്ട്. എന്നുവരികിലും, നിലവിലുള്ള ഭാവശില്പ സമ്പ്രദായത്തിൽനിന്നു വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നതിനാൽ നൂതനാശയങ്ങൾ അംഗീകരിക്കപ്പെടുകയല്ല, എതിർക്കപ്പെടുകയാണു് വിമർശക ലോകം അന്നു ചെയ്തതു്. പക്ഷേ പിൽക്കാലത്തു് അവർതന്നെ സമത്വവാദിക്കു സ്വാഗതമരുളുകയുമുണ്ടായിട്ടുണ്ടു്.

ഇ. എം. കോവൂർ: ദിഗ്‌വിജയിയായ അലക്സാണ്ടരുടെ ഭാരതാക്രമണത്തെത്തുടർന്നുള്ള ചില സംഭവങ്ങളാണു് കോവൂർ എഴുതിയിട്ടുള്ള ‘സിക്കന്തർ’ നാടകത്തിലെ പ്രതിപാദ്യം. കഥ പഴയതാണെങ്കിലും നൂതനങ്ങളായ പല ചിന്തകളും ഇതിൽ ആവിഷ്ക്കരിച്ചിട്ടുണ്ടു്.