ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

‘കന്യക’ ജീവിത യാഥാർത്ഥ്യങ്ങൾ ഓളം തല്ലുന്ന കഥാഗാത്രത്തോടു കൂടിയ ഒരു ഒന്നാന്തരം നാടകമാണു്. പക്ഷേ, കന്യകയിലെ അവസാന രംഗങ്ങൾ അപാകതയുടെ ഏതോ ചില വൈകല്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മുപ്പതു കഴിഞ്ഞ മദ്ധ്യവയസ്സയായ കന്യക, തൻ്റെ മാതാവിൽ അപരാധം ചുമത്തി അവരോടു ചെയ്യുന്ന ചോദ്യങ്ങൾ യാഥാർത്ഥ്യം നിറഞ്ഞവയെങ്കിലും ശാലീനകളായിരിക്കേണ്ട സ്ത്രീകളിൽനിന്നു പുറപ്പെടാവുന്നവയല്ലെന്നുള്ളതു നിരാക്ഷേപമത്രെ. ഉദ്യോഗം രാജികൊടുത്തിട്ട് ഒരു ഭൃത്യനോടൊന്നിച്ച്, അല്ലാ സ്വന്തം പ്യൂണുമൊന്നിച്ച് വിവാഹ ജീവിതം നയിക്കുവാൻ വീടുവിട്ടിറങ്ങുന്ന നായികയുടെ ജീവിതശുദ്ധിയിൽ ചിലർക്കെങ്കിലും ശങ്ക തോന്നാവുന്നതുമാണു്. യൗവനത്തിൻ്റെ പാതിയും പിന്നിട്ട പ്രസ്തുത കന്യകയ്ക്കു സ്വജീവിതത്തെ മനുഷ്യസേവനത്തിനുതകുന്ന മറ്റൊരു മാർഗ്ഗത്തിലേക്കു നയിക്കുവാൻ സാധിക്കുമായിരുന്നെങ്കിൽ അതെത്രയോ അഭികാമ്യമാകുമായിരുന്നു. അല്ല, മറന്നുപോയി, സ്ത്രീയുടെ സകലതും വിവാഹജീവിതത്തിലാണെന്നു വിശ്വസിക്കുന്ന ഒരാൾക്ക് മറ്റൊരു മാർഗ്ഗം ദൃഷ്ടിയിൽ പെടുവാനും പ്രയാസമായിരിക്കുമല്ലൊ. നായികയുടെ ഈ ഒളിച്ചോട്ടത്തിൻ്റെ – അതും സ്വന്തം ശിപായിയുടെകൂടെയുള്ള ഒളിച്ചോട്ടത്തിൻ്റെ – ഉത്തരവാദിത്തം അമ്മയുടെ പാരമ്പര്യത്തിൽ ചുമത്തുവാൻ വഴിതെളിച്ചതും അല്പം അവിവേകമായിട്ടുണ്ടെന്നാണു തോന്നുന്നതു്. ഇങ്ങനെ ചില അംശങ്ങളിൽ പക്ഷാന്തരമുണ്ടാകാമെങ്കിലും ചിന്താസുന്ദരമായ സൂചനകളും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും ചിതാഗതിയിലും സ്വഭാവത്തിലും വിഭിന്നങ്ങളായ കഥാപാത്രങ്ങളം ഊടും പാവുംപോലെ കലർന്ന് അനുഭവവേദ്യമായി വിലസുന്ന ഈ നാടകം നമ്മുടെ സാഹിത്യവേദിയിൽ വളരെ ഉയർന്നു നിലകൊള്ളുന്ന ഒന്നുതന്നെ. ‘അനുരഞ്ജനം’ വൈരുദ്ധ്യങ്ങളുടെ വളർച്ചയും സംഘട്ടനവും സംയോജനവും ഹൃദയസ്പർശകമായി പ്രകാശിപ്പിക്കുന്ന ഒരു നാടകമാണ്. ബലാബലം, മുടക്കുമുതൽ, അഴിമുഖത്തേക്ക് എന്നിവയും കൃഷ്ണപിള്ളയുടെ പ്രധാന നാടകങ്ങളിൽ ഉൾപ്പെടുന്നു. നമ്മുടെ നാടകവേദി ഈ നാടകകൃത്തിൽനിന്ന് ഇനിയും പലതും പ്രതീക്ഷിച്ചുകൊണ്ടിരിക്കയാണു്.