ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
എൻ. കൃഷ്ണപിള്ള; ഇബ്സൻ്റെ സാങ്കേതികമാർഗ്ഗങ്ങളെ അവലംബിച്ചു കേരളകലാവേദിയിൽ പുതിയ വെളിച്ചം വീശാൻ പരിശ്രമിച്ചിട്ടുള്ളവരിൽ അഗ്രഗണ്യനാണ് എൻ. കൃഷ്ണപിള്ള എം. എ. കേരളത്തിലെ ഇബ്സൻ എന്നുകൂടി കൃഷ്ണപിള്ളയെ ചിലർ ബഹുമാനിച്ചു പറയാറുണ്ട്. നാടക കലയുടെ ജീവനായ ഐക്യത്രയത്തിൻ്റെ വിജയമാണു് അദ്ദേഹത്തിൻ്റെ നാടകങ്ങൾക്കു മേന്മയരുളുന്നതു്. സാമൂഹികവും ഗാർഹികവുമായ ജീവിതത്തിലെ അടിയൊഴുക്കുകൾ സസൂക്ഷ്മം നിരീക്ഷിച്ച് തൽസംബന്ധമായ നിഗൂഢ പ്രശ്നങ്ങൾ പലതും വെളിപ്പെടുത്തി സ്വീകൃതപ്രശ്നങ്ങൾക്ക് ഏതാണ്ടു സമഗ്രമായ പ്രകാശനം നല്കുന്നവയാണു് കൃഷ്ണപിള്ളയുടെ നാടകങ്ങൾ എന്നു പറയാം. മനുഷ്യൻ കുറെയൊക്കെ വളർച്ച പ്രാപിച്ചിട്ടുള്ള ഇന്നത്തെ യുഗത്തിൽ വികാരത്തോടൊപ്പം വിചാരവും കലയിൽ സംഘടിപ്പിച്ചേ മതിയാവൂ എന്ന പരമാർത്ഥം ഈ നാടകകൃത്തു ശരിക്കും മനസ്സിലാക്കിയിട്ടുണ്ടു്.
വ്യക്തികളുടെ അഭിലാഷങ്ങൾ ഒരു വശത്തും, വിധിയും സാമൂഹ്യ നീതിയും മറുവശത്തും നിന്നു നടത്തുന്ന നിഷ്ടൂരമായ പോരാട്ടത്തിൻ്റെ ഹൃദയാവർജ്ജകമായ ഒരു ചിത്രമാണു് ‘ഭഗ്നഭവന’ത്തിൽ ഉള്ളതു്. അന്തഃകരണത്തിൽ നടക്കുന്ന തീവ്രമായ വികാര സമ്മർദ്ദത്തെ അഞ്ചു് അങ്കങ്ങളുള്ള ഈ നാടകത്തിൽ ക്രമപ്രവൃദ്ധമായി കേന്ദ്രീകരിച്ചിരിക്കുന്നു. മൂന്നു പെൺകുട്ടികളുള്ള ഒരു ഭവനത്തിലെ മൂത്ത മകളായ രാധ, ഹരീന്ദ്രനെ സ്നേഹിക്കുന്നു. വിധിവൈപരീത്യത്താൽ ജനാർദ്ദനൻനായരെ വിവാഹം ചെയ്യേണ്ടിവരുന്നു. എന്നാൽ അയാളെ സ്നേഹിക്കാൻ അവൾക്കു സാധിക്കുന്നുമില്ല. രണ്ടാമത്തവൾ, അവൾക്കു ഹിതമല്ലാത്ത ഒരു ഭർത്താവുമായി ജീവിച്ചു് ആശയറ്റു മടുത്തിരിക്കുകയാണു്. മൂന്നാമത്തവൾ, ആത്മാർത്ഥതയില്ലാത്ത ഒരു കാമുകനിൽ വിശ്വസിച്ച് ഒടുവിൽ ഭഗ്നാശയായിത്തിരുന്നു. ഇതാണു് ഭഗ്നഭവനത്തിലെ പ്രതിപാദ്യം. വികാരങ്ങളുടെ തിരത്തള്ളൽ കാണണമെന്നുള്ളവർ ഈ നാടകം വായിച്ചു നോക്കേണ്ടതു തന്നെയാണു്. ഓരോ അങ്കത്തിലേയും രംഗങ്ങളെ ആകാവുന്നിടത്തോളം ഭാവസാന്ദ്രങ്ങളും സംഘട്ടനോജ്ജ്വലങ്ങളുമാക്കാൻ നാടക കർത്താവു ശ്രമിച്ചിട്ടുണ്ടു്, വിജയിച്ചിട്ടുമുണ്ടു്.
