ദൃശ്യകലാപ്രസ്ഥാനം
നാടകത്തിലെ പൂർവ്വരംഗ(നാന്ദി)ത്തിൻ്റെ സ്ഥാനത്തു കഥകളിയിൽ ‘തോടയം’ ഉള്ളതുപോലെ ചവിട്ടുനാടകത്തിൽ അണ്ണാവിയും ഏതാനും പാട്ടുകാരും കൂടി നിലവിളക്കിൻ്റെ പിന്നിൽ സ്ഥാനംപിടിച്ച് നാടകം നിർവ്വിഘ്നം വിജയകരമായി പരിണമിക്കുവാൻ പാട്ടു തുടങ്ങുന്നു. രണ്ടിലും ഗദ്യം ഒന്നുപോലെ ശൂന്യമാണു്. രാത്രി 10 മണിക്ക് കഥകളി ആരംഭിച്ചാൽ രാവിലെ 6 മണിക്ക് അവസാനിക്കുന്നു. ചവിട്ടുനാടകത്തിൻ്റെ തുടക്കവും ഒടുക്കവും അതുപോലെതന്നെ.
സാഹിത്യം: ചവിട്ടുനാടകത്തിലെ സാഹിത്യം മലയാളംകലർന്ന തമിഴാണെന്നു മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലൊ. സന്ദർഭോചിതമായ രസസ്ഫുരണവിഷയത്തിൽ പ്രസ്തുത നാടകകർത്താക്കൾ പ്രത്യേകം ദൃഷ്ടിപതിപ്പിച്ചിട്ടുണ്ട്. ചാറൽസ് മെയിൻ ചക്രർവത്തിയുടെ തിരപ്പുറപ്പാടിനെ സൂചിപ്പിക്കുന്ന ഒരു വിരുത്തം’ നോക്കുക:
തങ്കരത്നമകുടമുടിശിരശിലങ്കതാർ വേന്തർമനം തകിഴച്ചെങ്കോലൊച്ച –
തുങ്കർമതകരിപരികൾ ചൂഴ്ന്തുനിർക്ക തുലങ്കരിയശോപന ശങ്കീതം പാട –
ഇങ്കിതമായിരുപുറവും കവരിവീശ ഇടിയതിരവെടിക മറനടനമാട –
ചിങ്കനെന്നും കാറൾസ്മാനെമ്പിറതോർരായൻ ചെൽവശ പൈതലിതോ വരുകിൻറാരേ.
(തങ്കം, രത്നം എന്നിവകൊണ്ടുള്ള കിരീടം ശിരോലങ്കാരമാക്കിയും, സാമന്തരൂപന്മാർ സന്തുഷ്ടചിത്തരാകത്തക്കവണ്ണം ചെങ്കോൽ ധരിച്ചും, കാലാൾ, കരി, കുതിര എന്നിവയുടെ അകമ്പടിയോടും, മനോഹരമായ സംഗീതധ്വനി മുഴക്കിയും, ഇരുപാർശ്വങ്ങളും വെഞ്ചാമരത്താൽ വീശപ്പെട്ടും, മേഘനാദത്തെ ജയിക്കുന്ന ആചാരവെടികൾകൊണ്ട് ആകാശമണ്ഡലത്തെ ഭേദിച്ചും, സിംഹപരാക്രമിയായ കാറൾസ്മാൻ ചക്രവർത്തി ഇതാ രാജസഭയിലേക്ക് എഴുന്നള്ളുന്നു.)
