പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

കവിവാക്യമായ ശ്ലോകങ്ങൾ പ്രായേണ സംസ്കൃതത്തിൽത്തന്നെയാണു് തമ്പുരാൻ നിർമ്മിക്കാറുള്ളതു്. കിർമ്മീരവധത്തിലെ ശ്ലോകങ്ങൾ എല്ലാംതന്നെ സംസ്കൃതമാണ്. പാണ്ഡിത്യപ്രകടനം അതിൽ കൂടുതലായി കാണാം. തമ്പുരാൻ്റെ കൃതികളെ സംബന്ധിച്ച് ഒരൈതിഹ്യമുള്ളതുകൂടി ഈയവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ. തമ്പുരാൻ ബകവധം നിർമ്മിച്ച് ഗുരുനാഥനെ കാണിച്ചപ്പോൾ, ഇതു സ്ത്രീകൾക്കു കൈകൊട്ടിക്കളിക്കു കൊള്ളാമെന്നും, കല്യാണസൗഗന്ധികം കാണിച്ചപ്പോൾ, ഇതു കണ്ടാൽ കവി ഒരു സ്ത്രീജിതനാണെന്നു തോന്നുമെന്നും, കിർമ്മീരവധം കാണിച്ചപ്പോൾ, ഒരു വ്യാഖ്യാനവും കൂടി എഴുതിയാൽ കുട്ടികളേ പഠിപ്പിക്കാൻ കൊള്ളാമെന്നും, കാലകേയവധം കാണിച്ചപ്പോൾ, ഇത് ആടാനും പാടാനും പഠിക്കാനും കൊള്ളാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുവത്രെ. ഐതിഹ്യത്തിൻ്റെ യാഥാർത്ഥ്യം എങ്ങനെയിരുന്നാലും, കോട്ടയം കൃതികളിൽ കാലകേയവധം ഏതുകൊണ്ടും ഗുണോൽകൃഷ്ടമായി നിലകൊള്ളുന്നു എന്നതിൽ സംശയമില്ല. ”സ്വർവ്വധൂജനമണിഞ്ഞിടുന്ന” എന്നു തുടങ്ങിയുള്ള ശ്ലോകങ്ങളുടെ സംഗീതസാന്ദ്രതതന്നെ എത്ര മനോഭിരാമമായിരിക്കുന്നു!

കൊല്ലവർഷം 9-ാം നൂററാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ഈ കവി ഇംഗ്ലീഷുകാരോടു പിണങ്ങി കാടുകയറിയെന്നും, അവിടെവെച്ചു കാട്ടുജന്തുക്കളാൽ ആക്രമിക്കപ്പെട്ടു മരണമടഞ്ഞുവെന്നും, അതു ബകവധകഥയിലെ അർജ്ജുനവാക്യമായ,

ഇനിയും ക്ഷമിക്കയെന്നതീടേറും ഭവാനെങ്കിൽ
കനിവോടെ കേൾക്ക മേലിൽ കാടേ ഗതി നമുക്കു്

എന്നതിലെ ‘അറം ‘പറ്റിയതുമൂലം സംഭവിച്ചതാണെന്നും വിശ്വസിച്ചുപോരുന്നു.