പദ്യസാഹിത്യചരിത്രം. പത്തൊമ്പതാമദ്ധ്യായം

ത്രിമൂർത്തികൾ – ഉള്ളൂർ

ഉള്ളൂരിനെപ്പോലെ പ്രയത്നസിദ്ധാന്തം പേർത്തും പേർത്തും ഉദ്ഗാനം ചെയ്തിട്ടുള്ള ഒരു കവി കേരളത്തിലില്ല. കവിയുടെ ജീവിതംതന്നെയും അതിനൊരു മാതൃകയായിരുന്നു. ഭൗതികവും ആദ്ധ്യാത്മികവുമായ ഉൽക്കർഷം നേടുവാനുള്ള ഒരു ഉപകരണം മാത്രമായിട്ടാണു് ജീവിതത്തെ എന്നും അദ്ദേഹം കണ്ടിരുന്നത്. ശുഭാപ്തി വിശ്വാസത്തിലും നല്ല അടിയുറപ്പുണ്ടായിരുന്നു മഹാകവിക്കു്. ഉദ്യമം കൊണ്ടു സാധിക്കാത്തതായി ഒന്നുമില്ലെന്നും അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. തൽഫലമായി അദ്ദേഹം പുതിയപുതിയ വിജ്ഞാനധാരകളെ യഥാകാലം ഉൾക്കൊണ്ടു മുന്നേറുകയും ചെയ്തിരുന്നു. ‘പൊയ്ക്കൊൾവിൻ’ എന്ന കവിതയിൽ മഹാകവി തൻ്റെ ഈ ജീവിതാദർശത്തെ വ്യക്തമായി പ്രകാശിപ്പിക്കുന്നുണ്ട്. മന്ത്രസിദ്ധിയെപ്പറ്റി ഉപദേശിപ്പാൻ ചെന്ന മാന്ത്രികനോടു് കവി പറയുകയാണു്.

ഉത്തരം ചൊന്നേ: എൻ്റെ മന്ത്രം ഞാൻ ജപിപ്പതു–
ണ്ടുദ്യമം വീണ്ടുംവീണ്ടുമുദ്യമം യാവജ്ജീവം.

അതേ, അതുതന്നെയായിരുന്നു ആ യാവജ്ജീവോദ്യമശാലിയുടെ ആദർശം.