ത്രിമൂർത്തികൾ – ഉള്ളൂർ
പാണിനീയത്തിലെ ഏകദേശവിധിയും മറ്റും മനസ്സിലാക്കി കാവ്യരസാസ്വാദനത്തിനു പുറപ്പെടാൻ സാധാരണന്മാർക്കു സാദ്ധ്യമല്ലല്ലോ. അതുപോലെതന്നെ ഭാമയിൽ,
ഭാവം മാറി ഹാവമായി; ഹാവം മാറി ഹേലയായി;
പൂവൽമേനി പുളകത്താൽ ഭൂഷിതമായി
എന്നു കാമിനീ കാമുകന്മാരുടെ ഉത്തരോത്തരമായ ഭാവപ്രകടനങ്ങളെ വർണ്ണിച്ചിട്ടുള്ളതും. സാധാരണന്മാർക്കു സുഗ്രാഹ്യമല്ലല്ലോ.
വള്ളത്തോളിൻ്റേയോ, ചങ്ങമ്പുഴയുടെയോ കൃതികളിൽ കാണുന്ന സംഗീതാത്മകമായ ശയ്യാഗുണം ഉള്ളൂർക്കവിതകളിൽ കുറവായിരിക്കുന്നെന്നുള്ളതും ഒരു ന്യൂനതയായി ചിലർ പറയാറുണ്ട്. അതുപോലെതന്നെ ഭാവോത്തേജനത്തിലുള്ള അതിശ്രദ്ധയാൽ മിതഭാഷിതത്വം വിസ്മരിച്ച് വർണ്ണനകൾക്കു ദൈർഘ്യം വരുത്തുന്ന സമ്പ്രദായവും ചിലതിൽ ഇല്ലെന്നില്ല. വിഷയത്തെ ഉദ്ദീപിപ്പിക്കുവാൻ വേണ്ടി പ്രയോഗിക്കാറുള്ള ഉല്ലേഖം, രൂപകം തുടങ്ങിയ അലങ്കാരങ്ങളുടെ ആധിക്യം കൊണ്ട് തന്മയീയഭാവം ചിലതിൽ കുറഞ്ഞുപോയിട്ടില്ലെന്നുമില്ല. ഇങ്ങനെ പല തരത്തിലും ഭാവസാന്ദ്രത എന്ന വിശിഷ്ട കാവ്യഗുണം, ഉള്ളൂർക്കവിതയിൽ കുറെയൊക്കെ കുറഞ്ഞുപോയിട്ടുണ്ടെന്നു പറഞ്ഞേതീരൂ.
