ത്രിമൂർത്തികൾ – ഉള്ളൂർ
ദീപാവലി: പ്രത്യേകം എടുത്തുപറയേണ്ട ഒരു സമാഹാരമാണു്. സൂക്തി കിരണങ്ങളാണു് ഇതിലുള്ളത്. സന്മാർഗ്ഗ പ്രതിപാദകങ്ങളായ അഞ്ഞൂറു ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരം, സദ്ഗുണം എന്നു തുടങ്ങി 25 പദ്ധതികളിലായിട്ടാണു് അവ പ്രകാശിപ്പിച്ചിട്ടുള്ളത്.
വിത്തമെങ്ങോ കിടക്കട്ടെ – വൃത്തത്തെ കാത്തു കൊള്ളണം
വിത്തംപോയാൽ വരും വീണ്ടും – വൃത്തംപോവതു പോയതാം
ഒരൊറ്റപ്പുസ്തകം കൈയി – ലോമനിപ്പതിനുള്ളവൻ
ഏതു സമ്രാട്ടിനേക്കളു – മെന്നാളും ഭാഗ്യമാർന്നവൻ
ഇങ്ങനെ പോകുന്നു ആ പ്രതിപാദനം. മഹാകവിയുടെ പദ്യകൃതികൾ മുഴുവൻ അദ്ദേഹത്തിൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് രണ്ടു ഭാഗങ്ങളായി 1977-ൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ചില ന്യൂനതകൾ: കലാപരമായ ചില കുറവുകൾ ഉള്ളൂർക്കവിതകളിൽ ഉണ്ടെന്നുള്ളതു തീർച്ചതന്നെ. ശബ്ദകാഠിന്യമാണു് അവയിലൊന്നു്.
ഗൗരീശങ്കരശിരോബിന്ദുസ്ഥം ഗൃദ്ധ്രോത്തംസം
പാരാവാരാധോബിന്ദുപതിതം ഝഷപോതം
എന്നിങ്ങനെയുള്ളവ സാധാരണക്കാരെ അമ്പരപ്പിക്കാതിരിക്കയില്ലല്ലോ. കവിയൂടെ പാണ്ഡിത്യവൈഭവത്തിൽ സാധാരണക്കാർക്കു് ആശയം വേണ്ടവണ്ണം ആസ്വദിക്കാൻ കഴിയാത്ത ഘട്ടങ്ങളും ഉള്ളൂർക്കവിതകളിൽ കാണാം. ‘മൃണാളിനി’യിൽ മദ്യപാഗ്രേസരനായ ഭദ്രനെ വർണ്ണിക്കുകയാണ്:
വിജ്ഞർക്കു ഹാലാഹലം ഹാല; പാണിനീയത്തിൽ
യജ്ഞദത്തനെച്ചൊല്ലാം യജ്ഞനെന്നില്ലേ വിധി?
പേയമാകയാലതു പേയനായ്; ലോകത്തിന്നു
ഹേയനായ്പ്പോയാൻ പണ്ടു ഗേയനായ് വാണോരവൻ.
