അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

എന്നിങ്ങനെ തുള്ളൽകൃതികളിൽ പലതിലും നമ്പ്യാർ പ്രസ്താവിച്ചിട്ടുള്ളതു്, അക്കാലത്തു തിരുവനന്തപുരം, ചെമ്പകശ്ശേരി മുതലായ രാജധാനികളിൽ ഉണ്ടായിരുന്ന പണ്ഡിത സദസ്സുകളെ പരാമർശിച്ചാണെന്നുള്ളതിനു യാതൊരുസംശയവുമില്ല.

സ്വപ്രജകളുടെ വിജ്ഞാനാഭിവൃദ്ധിയിലും അക്കാലത്തെ രാജാക്കന്മാർ ശ്രദ്ധാലുക്കളായിരുന്നുവെന്നു കാണുന്നുണ്ട്.

“ശാസ്ത്രമില്ലാത്തോർക്കു ശാസ്ത്രമുണ്ടാക്കുവാൻ
ശാസ്ത്രിപട്ടന്മാർ പലരെ വരുത്തി ഞാൻ
അഗ്രഹാരങ്ങളും തീർത്തുകൊടുത്തവ-
ർക്കാഗ്രഹമെല്ലാമറിഞ്ഞു നൽകീടിനേൻ”

എന്നു നൃഗമോക്ഷത്തിൽ കാണുന്നതു മേല്പറഞ്ഞതിനു തെളിവു നൽകുന്നുണ്ടല്ലൊ. രാജാക്കന്മാർക്കു വിദ്വജ്ജനങ്ങ ളോടുണ്ടായിരുന്ന ബഹുമാനവും പ്രസ്തുത വരികളിൽ തന്നെ പ്രസ്പഷ്ടമാക്കിയിട്ടുണ്ടു്.