തുള്ളലുകളിൽകാണുന്ന കേരളം
കേരളീയരാജാക്കന്മാർ പ്രാചീനകാലം മുതൽക്കേ കലാരസികന്മാരും വിദ്വജ്ജനസംസേവ്യന്മാരുമായിരുന്നു എന്നുള്ള വസ്തുത ചരിത്രപ്രസിദ്ധമത്രെ. കോഴിക്കോട്, കോലത്തുനാട്, ചെമ്പകശ്ശേരി, തിരുവനന്തപുരം, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ മുതലായ രാജധാനികളിൽ വളരെ പണ്ടുമുതല്ക്കു് തന്നെ പല വിദ്വൽസദസ്സുകളും ഏർപ്പെടുത്തി കലാപരിപോഷണം ചെയ്തുവന്നിരുന്നു. കേരളരാജാക്കന്മാർ കൈരളിയുടെ പുരോഗമനത്തിനു ചെയ്തിട്ടുള്ള സാഹായ്യങ്ങൾ ഒരാൾക്കും മറക്കാനോ മറയ്ക്കാനോ സാധിക്കുന്നതല്ല. തുള്ളൽ കഥകളുടെ ഉത്ഭവകാലത്തു യുദ്ധവും കലാപവുംകൊണ്ടു കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം കലുഷവും അസ്വസ്ഥപരവുമായിരുന്നെങ്കിലും കലാപരി പോഷണത്തിൽ രാജാക്കന്മാർക്കുള്ള സഹജമായ താല്പര്യം അന്നും പ്രസ്പഷ്ടമായിരുന്നു.
“ഗ്രന്ഥികളോരോരോദിക്കിന്നുവന്നുടൻ
സന്തതം മന്നവൻ മുന്നിലിരുന്നോരോ
ഗ്രന്ഥങ്ങൾ നോക്കി വായിച്ചു പൊരുൾപറ-
ഞ്ഞന്തരംകൂടാതെ കാലം കഴിക്കയും”; (ധ്‌റുവചരിതം)
