അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

സേവകന്മാരുടെ മുഖസ്തുതിയിൽ രാജാക്കന്മാർ സംപ്രീതരാകുന്ന സമ്പ്രദായം അന്നു് അസാധാരണമായിരുന്നില്ല. അതിലേയ്ക്കു പറ്റിയ ഒരു തരം സേവകന്മാരും രാജധാനികളിൽ എപ്പോഴും ഉണ്ടായിരിക്കും. കർണ്ണേജപന്മാരായ അത്തരം സേവകന്മാരുടെ ഉപദേശസൗഖ്യം അനുഭവിച്ചിരുന്ന രാജാക്കന്മാർ അന്ന് അത്ര കുറവല്ലായിരുന്നു. പാത്രചരിതത്തിൽ, കാടുവാഴുന്ന പാണ്ഡവന്മാരുടെ സുഖജീവിതവാതകേട്ട് അസൂയപ്പെടുന്ന സുയോധനനെ,

“നേരുകൊണ്ടിക്കാലമേതുംഫലം വരാ
നേരുദീക്ഷിപ്പവൻ ഭോഷനെന്നേവരു”
“രാജകാര്യം നിരുപിച്ചുകണ്ടാലുമി
വ്യാജമേ നല്ലു സകലകാര്യത്തിനും”

എന്നിങ്ങനെ ശകുനി ഉപദേശിച്ചു സമാധാനിപ്പിക്കയും, അത്തരം കർമ്മമാർഗ്ഗത്തിൽ പ്രവേശിപ്പിക്കയും ചെയ്യുന്നു.

ധ്റുവചരിതം മുതലായ കൃതികളിൽനിന്നു് അക്കാലത്തെ രാജാക്കന്മാരിൽ പലരും ബഹുവല്ലഭന്മാരായിരുന്നു എന്നു് അനുമാനിക്കാവുന്നതാണു്. “തമ്പുരാനിപ്പോ ഉടുപ്പാൻ കൊടുക്കുന്ന” “പെൺപിറന്നോർ ചെന്നുർണത്തി ച്ചതൊന്നുമീ – തമ്പുരാൻ കേൾക്കാതിരിക്കില്ല നിശ്ചയം.” എന്നു കല്യാണസൗഗന്ധികത്തിൽ സൂചിപ്പിച്ചിട്ടുള്ള ഭാഗം ഈ സംഗതിയെ വ്യക്തമാക്കുന്നുമുണ്ടല്ലൊ.