തുള്ളലുകളിൽകാണുന്ന കേരളം
അക്കാലത്തെ കേരളരാജാക്കന്മാരെപ്പററി തുള്ളലുകളിൽനിന്നു ഗ്രഹിക്കുന്ന ഒരു പ്രധാനസംഗതി, അവർ വളരെ ആഡംബരപ്രിയന്മാർ ആയിരുന്നുവെന്നുള്ളതാണു്. സഭാപ്രവേശം, ഘോഷയാത്ര, പ്രദോഷമാഹാത്മ്യം മുതലായ തുള്ളലുകളിൽ കവി ഈ സംഗതി പ്രസ്പഷ്ടമാക്കിയിട്ടുണ്ട്. ഒരു രാജാവിൻ്റെ എഴുന്നള്ളത്തിനുള്ള ചമയങ്ങൾ നോക്കുക:-
‘ചന്ദനം പനിനീരു കുങ്കുമകളഭലളിതജവാതുവും
ചന്തമേറിന പുഴുകുമഴകൊടിഴുക്കിമെയ്യിലശേഷമേ,
സ്വർണ്ണമണിമയമകുടകടകകിരീടഭൂഷണഭൂഷിതൻ
കർണ്ണയുഗമതിലധികവിലസിതകുണ്ഡലങ്ങളണിഞ്ഞുടൻ
മുത്തുമാല പതക്ക മുരുതരമുരസിചേർത്തു മനോഹരം
പത്തുകൈവിരലും നിറച്ചഥമോതിരങ്ങൾ നിരന്തരം
എട്ടുരണ്ടുമുളത്തിലുള്ളൊരു പട്ടുടുത്തരഞാണവും
ഇട്ടുപട്ടുറുമാലുകെട്ടിമുറുക്കി നല്ലൊരു തൊങ്ങലു-
തട്ടുപുഴകുമെടുത്തു മുഞ്ഞിമിനുക്കി നൽകുറിയിട്ടുടൻ
മുട്ടുകുത്തിയിരുന്നു തലമുടി തൂർത്തുകെട്ടി മഹാരഥൻ
ശില്പമോടഥ ചന്ദ്രകാവി വളച്ചുകെട്ടി വിശിഷ്ടമാം
ദർപ്പണത്തെയെടുത്തു പല്ലുമിളിച്ചുനോക്കി, രസികയും
ഇപ്രകാരമണിഞ്ഞു കൂത്തിനു ചാക്കിയാരണിയുന്നപോൽ
…………………………………………………………………………….
ഉന്നതംകുട, ചാമരം, തഴ, കൊടികളിടകലരുംവിധം.” (സഭാപ്രവേശം.)
ധാര്‌തരാഷ്ട്രൻ്റെ ഹസ്തിനപുരിയിലേയ്ക്കുള്ള യാത്രയാണു കവി വർണ്ണിക്കുന്നതെങ്കിലും, അതു കേരളത്തിലെ അക്കാലത്തെ ഒരു സാമന്തരാജാവിൻ്റെ എഴുന്നള്ളത്തിൻ്റെ ചിത്രീകരണമല്ലാതെ മറെറന്താണ്?
