അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

“നാടുവാഴികളെണ്ണമേറുമ്പോളവർ തൻ്റെ
നാടുപാഴിലാക്കിടു മന്യോന്യം കലഹിക്കും
ഞാനത്രെ യജമാനൻ ഞാനത്രെ യജമാനൻ”

എന്നു സഭാപ്രവേശത്തിൽ പ്രസ്താവിക്കുംപോലെയായിരുന്നു അന്നത്തെ രാഷ്ട്രീയനില. അതിനാൽ തുള്ളലുകളിൽ വർണ്ണിക്കപ്പെടുന്ന പുരാണനായകന്മാർ ദക്ഷിണകേരളത്തിൽ അക്കാലത്തുണ്ടായിരുന്ന നാടുവാഴികളാണെന്നു മിക്കവാറും അനുമാനിക്കാവുന്നതാണു്. ദാക്ഷിണാത്യന്മാരെയാണു തുള്ളലുകളിൽ പ്രത്യേകുമായി നിർദ്ദേശിക്കപ്പെടു ന്നതെങ്കിലും, ഔത്തരാഹന്മാരെയും കവി അവയിൽനിന്നും ഒഴിവാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ആകയാൽ തുള്ളലു കളിൽ പ്രത്യക്ഷപ്പെടുന്ന കേരളം, ഗോകർണ്ണം മുതൽ കന്യാകുമാരിപ്രര്യന്തമുള്ള ദക്ഷിണോത്തരഭാഗങ്ങൾ ഉൾപ്പെട്ട ഒന്നാണെന്നു വിചാരിക്കുന്നതിൽ യുക്തിഭംഗം ഇല്ലതന്നെ.