അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

രാജധാനികൾക്കും ക്ഷേത്രങ്ങൾക്കും മാത്രമേ ഓടുമേയാനുള്ള അവകാശം പണ്ടെക്കാലങ്ങളിൽ ഉണ്ടായിരുന്നുവെന്നുള്ളൂ എന്നു തോന്നുന്നു. നമ്പ്യാരുടെ കാലത്തു് ആ നിയമത്തിനും ഭേദഗതിവന്നതായി കാണുന്നുണ്ടു്.

“കേടുതീർത്താൽമതി മാളികരണ്ടിനു-
മോടിറക്കാൻ പണമില്ലെന്നൊരുവിധം”

എന്നു ധ്‌റുവചരിതത്തിൽ കാണുന്നതിൽനിന്നു മേല്പറഞ്ഞ അവകാശം മറ്റുള്ളവർക്കു് സിദ്ധിച്ചുതുടങ്ങിയിരുന്നുവെന്നു് അനുമാനിക്കാവുന്നതാണു്.

ആധുനികവനിതമാരുടെ കൃത്രിമ വേഷസമ്പ്രദായങ്ങളെപ്പറ്റി പലരും പരിഹസിക്കാറുണ്ടല്ലോ. തലമുടി മുറിച്ചു ചീകിവെയ്ക്കുന്നതും, കുറുനിരയില്ലാതുള്ളവർ മുടിതന്നെ വെട്ടി കുറുനിരയാക്കി പ്രത്യക്ഷപ്പെടുത്തുന്നതും മററും ഇക്കാലത്തു് അസാധാരണമല്ല. എന്നാൽ ഇങ്ങനെയുള്ള കൃത്രിമ സൗന്ദര്യപ്രകടനങ്ങൾ നമ്പ്യാരുടെ കാലത്തും നാരീ ജനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നുള്ളതിനു തുള്ളലുകളിൽ ചില ലക്ഷ്യങ്ങൾ കാണുന്നുണ്ടു്.

“ഇരുണ്ടുനീണ്ടതിചുരുണ്ട തലമുടി
കരങ്ങൾകൊണ്ടവർ വിടിർത്തുതിരുകി
കുരണ്ഡമാലകൾ അണിഞ്ഞു മെല്ലെ-
പരന്ന കുറുനിര നിരക്കെ വെട്ടി-
ത്തരത്തിൽ നല്ലൊരു തിലകം ചേർത്തു.” (സ്യമന്തകം)