അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

എന്നിങ്ങനെ സുന്ദരീസ്വയംവരം സന്താനഗോപാലം മുതലായ കൃതികളിൽ കാണുന്ന പ്രസ്താവങ്ങൾ പ്രസ്തുത സംഗതിയെ സൂചിപ്പിച്ചുള്ളവയാണു്. ആവേശം കയറി തുള്ളുന്ന ജനങ്ങളും വെളിച്ചപ്പാടന്മാരും അക്കാലത്തു വളരെ അധികമുണ്ടായിരുന്നത്രെ.

കേരളചരിത്രത്തെപ്പറ്റി തുള്ളലുകളിൽനിന്നു നമുക്കു ഗ്രഹിക്കുവാൻ സാധിക്കുന്ന വേറൊരുസംഗതി പാശ്ചാതൃസമ്പ്രദായങ്ങളുടെ – അല്ലാ പരിഷ്ക്കാരങ്ങളുടെ – പ്രവേശനം അക്കാലത്തു കേരളത്തിൽ ആരംഭിച്ചിരുന്നുവെന്നുള്ളതാണു്. സൈനികന്മാർ പണ്ടുപയോഗിച്ചിരുന്ന വാൾ, കുന്തം മുതലായ ആയുധങ്ങളുടെ സ്ഥാനത്തു പലമാതിരി തോക്കുകൾ അക്കാലത്തു രംഗപ്രവേശംചെയ്വാൻ തുടങ്ങിയിരുന്നുവെന്നു മുമ്പു പറഞ്ഞുവല്ലൊ.

“ലന്തക്കുഴലും തോളിലെടുത്തൊരു
കുന്തക്കാരണിയിട്ടുതുടങ്ങി
കാപ്പിറെന്നൊരു ഭാഷപറഞ്ഞു
കലശലൊരേടത്തങ്ങുതുടങ്ങി”

എന്നിങ്ങനെ നളചരിതത്തിൽ പ്രസ്താവിച്ചിട്ടുള്ളതു നോക്കുക. “കാപ്പീറെ”ന്ന ഭാഷ ഒരുപക്ഷെ ഡിലനായിയുടെ സൈനിക പരിഷ്ക്കാരത്തിൽ പ്രയോഗിച്ചിരുന്ന വൈദേശിക ശബ്ദങ്ങളിലൊന്നായിരിക്കാം.