അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

കാലംപോലെ കോലം എന്നുണ്ടല്ലോ. സകല സംഗതികൾക്കും കാലം രൂപാന്തരംവരുത്തിക്കൊണ്ടിരിക്കുന്നുവെന്നുള്ളതു് അനേകം സംഗതികൾകൊണ്ടു നമുക്കനുഭവമത്രേ. നമ്പ്യാരുടെകാലത്തു കേരളീയഗൃഹത്തിൽ ഒരു ശിശു ജനിക്കുന്നതായാൽ നടക്കുന്ന കോലാഹലങ്ങൾ ഇന്നുള്ളവരെ അത്ഭുതപ്പെടുത്തുന്നവയാണു്.

“ഇഷ്ടജനങ്ങളോടൊന്നിച്ചു മെല്ലെ
ഈററില്ലം തന്നിലകത്തുകടന്നു,
അച്ചിമാർ വന്നു നിറഞ്ഞുതുടങ്ങി,
മച്ചിമാരങ്ങു മറഞ്ഞുതുടങ്ങി
വൃദ്ധന്മാർ വന്നു കലമ്പിത്തുടങ്ങി,
ബദ്ധപ്പെട്ടോരോന്നുരച്ചുതുടങ്ങി’
…………………………………………….

എന്നിങ്ങനെ ഹരിണീയസ്വയംവരം, സന്താനഗോപാലം മുതലായ കൃതികളിൽ ആവക സംഗതികളേപ്പറ്റി നമ്പ്യാർ സരസമായി വർണ്ണിച്ചിട്ടുണ്ടു്.