അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

“പാർത്താലത്ഭുതം! ബാലമാർത്താണ്ഡക്ഷിതീന്ദ്രൻ്റെ
വാർത്താവൈഭവമെല്ലാ:മാർത്താലന്തമില്ലേതും.” (കൃഷ്ണലില.)

“രാമതുല്യൻ മഹാവഞ്ചിരാമവർമ്മേന്ദ്ര ഭൂപാലൻ
കാമദൻ കോമളാകാരൻ കാമനീമാനസേ മാരൻ
യാമിനീശാനനൻ വിരൻ ഭൂമിദേവപ്രിയൻ ധീരൻ
ഭൂരിസേനാപരിവാരൻ ഭ്രൂഭൂജാമേകമാധാരൻ
വഞ്ചിമാർത്താണ്ഡവർമ്മശ്രീഭാഗിനേയൻ മഹാപുണ്യം
സഞ്ചിതമഞ്ചിതമാക്കിസ്സന്തതം സംജയിക്കുന്നു.” (ഹരിശ്ചന്ദ്രചരിതം.)

മേൽ പ്രസ്താവിച്ചവയിൽനിന്നു നമ്പ്യാരുടെ തുള്ളൽകഥാ നിർമ്മാണകാലം പ്രസ്പഷ്ടമാണല്ലോ. തുള്ളലുകളുടെ നിർമ്മാണ കാലത്തു കേരളം പൊതുവേയും, ദക്ഷിണകേരളം പ്രത്യേകിച്ചും, യുദ്ധങ്ങളും കലാപങ്ങളുംകൊണ്ടു വലയുന്ന കാലഘട്ടമായിരുന്നു. തിരുവിതാംകൂർരാജ്യം അതിന്റെ ഇന്നത്തെ വലിപ്പത്തെ പ്രാപിച്ചതും ആ ഘട്ടത്തിൽതന്നെ. വടക്കുംകൂർ, തെക്കുംകൂർ, പന്തളം, കൊട്ടാരക്കര, ദേശിങ്ങനാട്, കായങ്കുളം, ചെമ്പകശ്ശേരി മുതലായി അനേകം ചെറിയ രാജ്യങ്ങളും രാജാക്കന്മാരും അക്കാലത്തു ദക്ഷിണകേരളത്തിൽ ഉണ്ടായിരുന്നു. ഇവർ തമ്മിൽ വലിയ മത്സരമാണു് അന്നു നടന്നുകൊണ്ടിരുന്നതു്.