തുള്ളലുകളിൽകാണുന്ന കേരളം
തുള്ളലുകളിൽനിന്നു് അക്കാലത്തെ നാട്ടുസമ്പ്രദായത്തെപ്പറ്റി നമുക്കു പല അറിവുകളും സിദ്ധിക്കുന്നുണ്ട്. കായികവിനോദങ്ങൾക്ക് അക്കാലത്തു വളരെ പ്രാധാന്യമുണ്ടായിരുന്നു. ശരീരശക്തി ദൃഢപ്പെടുന്നതിനു കായിക വിദ്യാഭ്യാസം ഒഴിച്ചുകൂടാത്ത ഒന്നാണല്ലോ. സർവ്വദാ സമരമായി കഴിഞ്ഞിരുന്ന അക്കാലങ്ങളിൽ കായബലം രാഷ്ട്ര ബലത്തിൻ്റെതന്നെ അപരിത്യാജ്യമായ ഒരാവശ്യവുമായിരുന്നു. പന്തേര്, ഞാണിന്മേൽക്കളി, തട്ടിന്മേൽക്കളി, ചില വടികളെക്കൊണ്ടുള്ള തട്ടും തടവും, “ചെപ്പിയടിച്ചു പൊളിക്കുന്ന കയ്യാംകളി, കമ്പക്കൂത്തു്, തറയിൽച്ചാട്ടം, ആയുധവിദ്യ എന്നിങ്ങനെയുള്ളവയായിരുന്നു അന്നത്തെ മുഖ്യകായികവിനോദങ്ങൾ. പണ്ടത്തെ “കളരിപ്പയറ്റ്” ഇന്നു നാമാവശേഷമായതോടുകൂടി മേല്പറഞ്ഞ വിനോദങ്ങളിൽ പലതും ഇന്നു ലുപ്തപ്രചാരമായിതീർന്നിരിക്കയാണു്.
മാനസിക വിനോദങ്ങളിൽ പ്രധാനമായവ മോഹിനിയാട്ടം, അമ്മാനാട്ടം, പാട്ട്, ഓട്ടൻതുള്ളൽ, ശാസ്ത്രക്കളി, നൃത്തം, ചാക്യാർകൂത്ത്, പാഠകം, നാടകം എന്നിവയെല്ലാമായിരുന്നു. രുഗ്‌മാംഗദചരിതം, സീതാസ്വയംവരം, ധ്‌റുവചരിതം മുതലായ കൃതികളിൽ ഈവക വിനോദങ്ങളെപ്പറ്റി വിവരിച്ചുകാണുന്നുണ്ടു്. വിദ്വജ്ജനങ്ങളുടെ “ഗദ്യപദ്യങ്ങൾ” അന്നത്തെ മാനസികവിനോദങ്ങളിൽ അപ്രധാനമല്ലാത്ത ഒന്നായിരുന്നു. ക്ഷേത്രങ്ങളിലും മററും നടത്താറുള്ള അടിയന്തരാദികളിൽ തകിലു, തിമിലു, ചെണ്ട, കടുന്തുടി, മദ്ദളം മുതലായ വാദ്യപ്രയോഗങ്ങളും അന്ന് അസാധാരണമായിരുന്നില്ല. സീതാസ്വയംവരത്തിൽ പള്ളിക്കെട്ടുകാണാൻ പോകുന്നവരുടെ ബഹളം വർണ്ണിച്ചിട്ടുള്ളതു്, ചെമ്പകശ്ശേരി, തിരുവനന്തപുരം, മുതലായ ക്ഷേത്രങ്ങളിൽ അക്കാലത്തു് ഉത്സവക്കാഴ്ച കാണ്മാൻ തിക്കിക്കൂടുന്ന പുരുഷാരത്തിൻ്റേതുതന്നെയാണു്. ഉത്സവകാലത്ത്ക്ഷേത്രപരിസരങ്ങളിൽ ആട്ടം, ഓട്ടൻതുള്ളൽ മുതലായി മുൻപറഞ്ഞ പല വിനോദങ്ങൾ നടത്തുകയും പതിവുണ്ടാ യിരുന്നു.
