അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

ഭോജനം, പ്രതിഗ്രഹം മുതലായവയ്ക്കു വേണ്ടി തിണ്ടാടിയിരുന്ന നമ്പൂതിരിമാരെ സത്യാസ്വയംവരം മുതലായ
തുള്ളൽക്കഥകളിൽ നമ്പ്യാർ നല്ലപോലെ കളിയാക്കിയിട്ടുണ്ടു്. നമ്പൂതിരിമാർ മിക്കവരും ശുദ്ധഗതിക്കാരത്രേ. ഹര
ണീസ്വയംവരത്തിൽ ഒരു “കാരിയക്കാരൻ നമ്പൂരിയച്ഛനെ” കുട്ടിച്ചാത്തൻ ചെണ്ടകൊട്ടിച്ച കഥ വിവരിച്ചിട്ടുള്ളതു നമ്പൂരിമാരുടെ ശുദ്ധഗതിയെ പര്യാപ്തമാണു്. ഇല്ലത്തെ ‘വേളി’യെക്കൂടാതെ അന്യജാതി സ്ത്രീകളേയും അവർ പരിഗ്രഹിച്ചിരുന്നു. നമ്പൂതിരിമാർ സുഖിയന്മാരും ഒരുവക അലസന്മാരുമായിട്ടത്രേ കഴിഞ്ഞു കൂടിയിരുന്നതു്. ഇല്ലം വക വസ്തുക്കൾ നടക്കുകയും നടത്തിക്കുകയും ചെയ്തിരുന്നതു കാര്യസ്ഥന്മാരായിരുന്നു. അവരുടെ ധനലോഭവും സ്വാത്ഥതയുംകൊണ്ടു മനവക സ്വത്തുക്കൾ അക്കാലത്തു നശിച്ചുകൊണ്ടാണിരുന്നതു്.

“കണ്ടം കൃഷിചെയ്യുന്ന കണ്ടൻ്റെ താന്തോന്നിത്തം
കൊണ്ടെൻ്റെ കണ്ടമെല്ലാം കണ്ടോർ കരസ്ഥമാക്കി”

എന്നു പാത്രചരിതത്തിലും മററും പ്രസ്താവിച്ചിട്ടുള്ളതു മേൽപറഞ്ഞ സംഗതിയെ വ്യക്തമാക്കുന്നു. മലയാളബ്രാഹ്മണരുടെ അനേകം മനകൾ സാമ്പത്തികമായി അധഃപദിച്ചിട്ടുള്ളതു് ഈ വിധത്തിലാണെന്നു പറയുന്നതിൽ ലവലേശം അതിശയോക്തിയോ അവാസ്തവമോ ഇല്ലതന്നെ.