അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

എന്നു സഭാപ്രവേശത്തിലും മററും പ്രസ്താവിച്ചിട്ടുള്ളതു എത്ര പരമാർത്ഥമാണ്! രുഗ്‌മിണീസ്വയംവരത്തിൽ സന്ദേശഹാരിയായ വിപ്രൻ, ദ്വാരകയിൽനിന്നു ശ്രീകൃഷ്ണനൊരുമിച്ചു കുണ്ഡിനപുരിയിലേയ്ക്കു് പുറപ്പെടുമ്പോൾ ശ്രീകൃഷ്ണനുമായി നടത്തുന്ന സംഭാഷണം എത്രമാത്രം ഫലിതമയമായിരിക്കുന്നുവെന്നു നോക്കുക:-

“തേരിൽ കേറുക വിപ്രാ! താനിനി,
നേരംപോക്കു പറഞ്ഞു ഗമിക്കാം;
തേരിൽ നമുക്കു കരേറുക വിഷമം
തേരിൽ നടന്നൊരു പരിചയമില്ല;
നമ്മുടെ പാണിപിടിച്ചു കരേറുക
സമ്മതമെങ്കിലതങ്ങനെ ചെയ്യാം;
തേരിഹ തെരുതെരെയോടുന്നേരം
തേരിലുറച്ചിഹ നില്പാൻ വിഷമം;
കൊടിമരമാശുപിടിച്ചു മുറുക്കി-
പടിമേൽവന്നു വസിക്കരുതായോ?
കൊടിമരമിളകി മുറിഞ്ഞെന്നാകിൽ
പൊടിയാമെന്നുടെ ദേഹമശേഷം;
മരണഭയം പുനരെന്തിനു വിപ്രാ?
നരനു വിനാശം നിശ്ചയമല്ലോ;
പത്തുപണത്തിനു മുതലില്ലാതെ
ചത്തുമറിഞ്ഞാലെന്തിനു കൊള്ളാം;
ചത്തമനുഷ്യനു വിത്തംകൊണ്ടൊരു
കൃത്യമതുണ്ടോ പൃത്ഥിദേവ!
പിണ്ഡംവെപ്പാനാളുണ്ടാക്കുക
ദണ്ഡമതാം ധനമില്ലെന്നാകിൽ
സുതനുണ്ടെന്നാലവനിഹതന്നുടെ
പിതൃപിണ്ഡത്തിനു മടിയുണ്ടാമോ?
വേളികഴിപ്പാൻ മുതലില്ലാത്തൊരു
വേദിയനുണ്ടോ സുതനുണ്ടാവൂ?”