തുള്ളലുകളിൽകാണുന്ന കേരളം
നമ്പ്യാരുടെ കാലത്തെ നമ്പൂതിരി സമുദായത്തേയും തുള്ളൽക്കഥകളിൽ ചിത്രീകരിക്കാതിരുന്നിട്ടില്ല. അക്കാലത്തെ നമ്പൂതിരിമാർ ആചാരനിഷ്ഠയിൽ വളരെ ശ്രദ്ധയുള്ളവരായിരുന്നു. രാജധാനികളിലെ സന്ദേശഹരന്മാർ നമ്പൂതിരിമാർതന്നെ. രുഗ്‌മിണീസ്വയംവരത്തിൽ, രുഗ്മിണിയുടെ സന്ദേശവുംകൊണ്ടു ദ്വാരകയിൽ എത്തുന്നതു് ഒരു നമ്പൂതിരിബ്രാഹ്മണനത്രെ. നമ്പൂതിരിമാർ ഫലിത പ്രിയന്മാരെന്നുള്ളതു പ്രസിദ്ധമാണല്ലൊ.
“കൂട്ടിക്കൊണ്ടൊരു സഭയിൽ ചെന്നാൽ
കോട്ടമറിഞ്ഞു പറഞ്ഞു ചിരിക്കും”
“അന്തണർക്കൊരുദിക്കിലും തടവില്ല വല്ലതുമോതുവാൻ.”
