അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

“സഞ്ചിയെടുപ്പാൻ ചെക്കൻപോന്നാൽ
സഞ്ചാരത്തിനസഹ്യതയുണ്ടാ’

മെന്നുകണ്ടു് അവ സ്വന്തം തോളിലും കൈത്തണ്ടിലും ഇട്ടു തന്നെ അവർ വ്യാപാരം നടത്തിയിരുന്നു. “ആയം ദൃഷ്ട്വാ വയം കര്യാൽ” എന്ന ധനശാസ്ത്രതത്വം, ഈ സമുദായത്തെപ്പോലെ കേരളത്തിൽ മറെറാരു സമുദായവും മനസ്സിലാക്കി പ്രവർത്തിച്ചിരുന്നില്ല. കുട്ടിപ്പട്ടന്മാരായി മടപ്പള്ളിപ്പണി ചെയ്യുന്നതിനും, മന്ത്രിസ്ഥാനത്തിരുന്നു രാജ്യകാര്യം വിചാരിക്കുന്നതിനും അവർക്കു വിഷമമൊന്നുമില്ലായിരുന്നു. ശാസ്ത്ര ജ്ഞാന സമ്പന്നന്മാരായ അനേകം ശാസ്ത്രിമാർ അക്കാലത്തു് അവരുടെ ഇടയിലുണ്ടായിരുന്നു.

പരദേശബ്രാഹ്മണരെക്കുറിച്ചു നമ്പ്യാർക്കുള്ള അനാദരവിനു കാരണം, അവരുടെ ജീവിതവൃത്തിയിലുള്ള വൈവിദ്ധ്യമാണ്. ജവുളിക്കച്ചവടം, ഉണ്ടിയൽവ്യാപാരം മുതലായവ ബ്രാഹ്മണവൃത്തിക്കു വിപരീതമാണല്ലൊ. അവരുടെ ഭുക്തിപ്രിയത്തേയും ദ്രവ്യാസക്തിയേയും നമ്പ്യാർ അനേകം കൃതികളിൽ കലശലായി ആക്ഷേപിച്ചിട്ടുണ്ടു്.