അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

കെട്ടുകല്യാണം മുതലായവ നടത്തുന്ന സമ്പ്രദായം അക്കാലത്തു് അസാധാരണമായിരുന്നില്ല. കള്ളിന്നും കറുപ്പിന്നും തൂക്കുപുകയിലയ്ക്കും മറ്റുമായി തോക്കുകൂടി പണയംവെച്ചു കടംകൊള്ളുന്ന ഏർപ്പാട് അന്നത്തെ നായന്മാരിൽ കണ്ടിരുന്നു. യുവാക്കന്മാരിൽ അധികംപേരും ഒരുവക സേവകന്മാരായും രസികന്മാരായും തീർന്നു്, ഏതാണ്ടു് ഒരുതരം അലസജീവിതമോ നിരുത്തരവാദിത്വ ജീവിതമോ ആണു നയിച്ചിരുന്നതു്. അന്നത്തെ വൈവാഹികജീവിതവും ഇന്നത്തെ ദൃഷ്ടികൊണ്ടു നോക്കിയാൽ അത്ര ആശാസ്യമായിരുന്നു എന്നു പറയുവാൻ നിവൃത്തിയില്ല. ബഹുഭാര്യാത്വമോ ബഹുഭർതൃത്ത്വമോ അക്കാലത്തു നിഷിദ്ധമായി കരുതിയിരുന്നില്ലെന്നു തോന്നുന്നു. വെറ്റിലമുറുക്കു ശീലിക്കാത്തവരായി സ്ത്രീപുരുഷന്മാരിൽ ഒരാളുപോലും ഉണ്ടായിരുന്നൊ എന്നു സംശയമാണു’. അക്കാലത്തെ രസിക ജീവിതത്തിൻ്റെ ഒരു പ്രത്യക്ഷ ചിഹ്നമായിരുന്നു താംബൂലചർവണം എന്നുതന്നെപറയാം.

തുള്ളൽക്കഥകളുടെകാലത്തു, പട്ടന്മാരുടെ പ്രവേശനം കേരളത്തിലേയ്ക്കു് ധാരാളമുണ്ടായിരുന്നു. രുഗ്‌മിണി സ്വയംവരം, ചന്ദ്രാംഗദചരിതം മുതലായ കൃതികളിൽ ആ സംഗതി നമ്പ്യാർ പലവിധത്തിലും സൂചിപ്പിച്ചിട്ടുണ്ട്. വ്യാപാരാർത്ഥമാണ് അവരിൽ പലരും കേരളക്കരയിലേയ്ക്കു് കടന്നിട്ടുള്ളതു്. വസ്ത്രവ്യാപാരമായിരുന്നു പ്രധാനം. കേരളത്തിലെ ജവുളിവ്യാപാരത്തിൽ പാണ്ടിക്കാരായ പരദേശ ബ്രാഹ്മണർക്കു് ഇന്നും അപ്രധാനമല്ലാത്ത ഒരു സ്ഥാനമാണല്ലൊ ഉള്ളതു്. കേരളത്തിലെ ക്ഷേത്രങ്ങളിലും ഊട്ടുപുരകളിലും എവിടെയും അന്നു് ഊണും ദാനവും ബ്രാഹ്മണർക്കു നൽകിവന്നിരുന്നതു പരദേശികളെ ഇങ്ങോട്ടാകഷിർക്കുവാൻ ഒരു പ്രത്യേകകാരണമായിരുന്നു. രാമയ്യൻ്റെ കാലമായിരുന്നതിനാൽ, തിരുവിതാംകൂറിൽ അന്നു പട്ടന്മാർക്കു വിശേഷിച്ചും, അഷ്മിക്കു മുട്ടൊന്നുമുണ്ടായിരുന്നില്ല. ധന സമ്പാദനവിഷയത്തിൽ ഈ പരദേശബ്രാഹ്മണരെ ജയിക്കുവാൻ കേരളക്കരയിലെ മറെറാരു സമുദായത്തിനും സാ ധിച്ചിരുന്നില്ലെന്നു തോന്നുന്നു. കേരളീയർക്കു സഹജമായു ള്ള ആഢ്യത നാട്ട്യമൊന്നും അവർക്കില്ല.