അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

“അമ്മ മരിച്ചേപ്പിന്നെക്കാര്യം
അമ്മാമൻ ക്ലേശിച്ചുതുടങ്ങി;
അമ്മായിക്കും മക്കൾക്കും പുന
രുമ്മാനുമുടുപ്പാനും വെററില
തിമ്മാനും തേപ്പാനും പുനര-
ങ്ങമ്മാത്രം ചില തീർപ്പിപ്പാനും
അമ്മുതലെല്ലാം ചിലവിട്ടപ്പോ-
ളമ്മാനും വകയില്ലാതായി”

‘അമ്മാവൻ്റെ മനസ്സുമറിപ്പാൻ’ അമ്മായിക്കുള്ള പാടവം നമ്പ്യാരുടെ പല കൃതികളിലും പ്രസ്പഷ്ടമാക്കിയിട്ടുണ്ടു്. അ മ്മായിമാരുടെ കൊട്ടിന്നൊപ്പം തുള്ളുന്നവരായിരുന്നു അന്നത്തെ അമ്മാവന്മാരിൽ ഭൂരിഭാഗവും. അമ്മായിമാരുടെ തന്ത്രംകൊണ്ടു് അനന്തരവന്മാർക്കു പലമാതിരി സങ്കടങ്ങൾ അനുഭവിക്കേണ്ടതായും വന്നിരുന്നു.

“കല്യാണത്തിന്നുവീട്ടിൽ നെല്ലും പണവുമൊന്നും
ഇല്ലാഞ്ഞു രണ്ടു വാളും വില്ലുമെടുത്തുവിററു” (രുഗ്‌മിണീസ്വയംവരം)