തുള്ളലുകളിൽകാണുന്ന കേരളം
കാർഷികവൃത്തി കഴിഞ്ഞാൽ കച്ചവടവും ജനങ്ങളുടെ ഒരു പ്രധാന ജീവികാമാർഗ്ഗമായിരുന്നു. ചെട്ടികൾ, കൊങ്ങിണികൾ, പട്ടന്മാർ മുതലായവരാണു് ഈ തൊഴിലിൽ മുഖ്യമായി ഏർപ്പെട്ടിരുന്നവർ. പട്ടുകൾ, പുടവകൾ, തുപ്പിട്ടികൾ, കരിമ്പടം, മണപ്പാടൻചേല, കോട്ടാറൻമുറി, പാണ്ടിക്കവണികൾ, പട്ടാണിത്തുകിൽ എന്നിങ്ങനെയുള്ളവ ഉൾനാടുകളിൽ കൊണ്ടുനടന്നു വ്യാപാരം നടത്തുകയായിരുന്നു അന്നവർ ചെയ്തിരുന്നതു്. ഈ വ്യാപാരത്തിൽനിന്നു മികച്ച ആദായവും അവർ സമ്പാദിച്ചിരുന്നു. പക്ഷെ ചെട്ടികൾ മുതലായ കച്ചവടക്കാരെ കൈകൂലിപ്പാവകളായ ഉദ്യോഗസ്ഥന്മാർ നാനാപ്രകാരത്തിൽ ഉപദ്രവിച്ചിരുന്നതായി തുള്ളലുകളിൽ പ്രസ്താവിച്ചുകാണുന്നു.
വൈദ്യം, ജ്യോതിഷം, മന്ത്രവാദം, കഥകളി മുതലായ തൊഴിലുകൾകൊണ്ടു കാലയാപനം ചെയ്തിരുന്നവരും അക്കാലത്ത് അത്ര തുച്ഛമായിരുന്നില്ല. നമ്പ്യാർക്കു് ഇക്കൂട്ടരോടു അധികം പ്രതിപത്തി ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. അവരുടെ അല്പജ്ഞതയും അഹങ്കാരവും ധന തൃഷ്ണയും മറ്റുമായിരിക്കണം അവരോടു വിദ്വേഷം ജനിക്കുവാനുള്ള ഹേതു.
