അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

“അഞ്ചുപറയ്ക്കുള്ളൊരു കഞ്ഞിൽ
പുഞ്ചവിതച്ചു വിളഞ്ഞതു കൊയ്താൽ
അഞ്ചുജനത്തിനു ചെലവുകഴിക്കാം-
മഞ്ജുമൊരെഴും മാസംമുഴവൻ
തഞ്ചിലവുകളും വിത്തും കൂലിയു-
മഞ്ചാതെ കണ്ടങ്ങു കഴിച്ചാൽ
അഞ്ചോപത്തോ വായ്പകൊടുപ്പാൻ
വാഞ്ചിച്ചാലതുമതിലുണ്ടാകും
കണ്ടങ്ങളിലുഴവെന്നതുകൂടാ-
തുണ്ടാമനവധി നെല്ലതുകാലം.” (ഘോഷയാത്ര)

ഇതു കുട്ടനാട്ടിലെ പുഞ്ചകൃഷിയെപ്പറ്റി അനുഭവസ്ഥൻ്റെ നിലയിൽ നമ്പ്യാർ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലൊ.

‘കണ്ടത്തിൻ്റെ ഗുണംകൊണ്ട് വിളവണ്ടാവള്ളൂ വിതച്ചതിലധികം’ എന്നുള്ളത് അന്നുമിന്നും ഒന്നുപോലെ കൃഷിക്കാർക്ക് അനുഭവമായ ഒരു തത്വമത്രെ. അക്കാലത്തു കൃഷിചെയ്തുണ്ടാക്കുന്ന കുരുമുളകു സ്വതന്ത്രമായി വില്ക്കുവാൻ ജനങ്ങൾക്ക് അധികാരമില്ലാതിരുന്നു. എല്ലാവരും സക്കാരിൽ എല്പിച്ചു വില വാങ്ങണമെന്നായിരുന്നു നിയമം.