തുള്ളലുകളിൽകാണുന്ന കേരളം
തുള്ളൽക്കഥകളിൽനിന്നു നമുക്കു ഗ്രഹിക്കുവാൻ കഴിയുന്ന വേറൊരു സംഗതി, അക്കാലത്തു കേരളത്തിലുണ്ടായിരുന്ന സമുദായങ്ങളുടെ യോജിപ്പാണു്. ഇന്നുള്ള സമുദായങ്ങളും മതങ്ങളും എല്ലാം അന്നും കേരളത്തിലുണ്ടായിരുന്നു. പക്ഷെ ഇന്നത്തെപ്പോലെ സ്പർദ്ധയൊ വിദ്വേഷമോ അന്നത്തെ ജനങ്ങളുടെ ഇടയിൽ ലേശംപോലും ഉണ്ടായിരുന്നതായി കാണുന്നില്ല. എത്രയും നിസ്സാരങ്ങളായ കുററങ്ങളേയും കുറവുകളേയും കൂടി കണ്ടുപിടിച്ച്, അവയെ ഭയങ്കരമായ വിധത്തിൽ പർവ്വതീകരിച്ചുകാണിക്കുന്ന നമ്പ്യാരുണ്ടോ, ഈവക വല്ലതും രാജ്യത്തിൽ നടന്നിരുന്നുവെങ്കിൽ പൂത്തിവച്ചു കണ്ണടച്ചുകളയുവാൻപോകുന്നു? അന്നത്തെ ശുഭ്രമായ ആ അന്തരീക്ഷമാണു് നമുക്കിന്നുണ്ടാകേണ്ടതു്.
അക്കാലത്തെ ജനങ്ങളിൽ സിംഹഭാഗവും കൃഷിക്കാരായിരുന്നു. പക്ഷെ വിരുത്തി ഏർപ്പാടിൽ കൃഷിക്കാർക്കു ണ്ടായിരുന്ന അവകാശം അന്നു് അവ്യവസ്ഥിതമായിരുന്നുവെന്നു മുമ്പെ സൂചിപ്പിച്ചിട്ടുള്ളതാണല്ലോ. പാട്ടക്കാർ ഓണം, വിഷു, മുതലായ അവസരങ്ങളിൽ പ്രഭുക്കന്മാർക്ക് പ്രത്യേകം കാഴ്ചകൾ കൊണ്ടുകൊടുക്കേണ്ടതുണ്ടായിരുന്നു. കൃഷിക്കാരുടെ ജീവിതം ഇന്നത്തെപ്പോലെതന്നെ അന്നു് അത്ര ദുർഭരമായിരുന്നില്ല. കാലപ്പിഴ സംഭവിച്ചില്ലെങ്കിൽ പാട്ടം മുതലായതു നീക്കി അതിൽനിന്നു കിട്ടുന്ന ആദായം കൊണ്ടു് ഒരു സാധാരണ കൃഷിക്കാരൻ്റെ കുടുംബത്തിന് ഒരുവിധം സുഖമായി കഴിഞ്ഞുകൂടുവാൻ സാധിച്ചിരുന്നു.
