തുള്ളലുകളിൽകാണുന്ന കേരളം
അന്നത്തെ യുദ്ധസാമഗ്രികളും ഇന്നത്തേതിൽനിന്നു വളരെ വ്യത്യസ്ഥമായിരുന്നു. വാൾ, പരിച, വില്ല്’, അമ്പ്, കുന്തം, ലന്തത്തോക്ക്, പറങ്കിത്തോക്ക്, പീരങ്കി എന്നിങ്ങനെയുള്ള ആയുധങ്ങളായിരുന്നു അന്നുപയോഗിച്ചിരുന്നതു്.
“കുന്തം, ചവളം, വില്ലും, ശരവും
ലന്തത്തോക്കുകൾ, ചക്രം, ശൂലം
ചന്തംപെരുകിനവാള്, കടുത്തില
തന്നത്തടി, വടി, തോമരജാലം” (പ്രദോഷമാഹാത്മ്യം)
“ലന്തക്കുഴലും പറങ്കിക്കുഴൽകളും
ചന്തത്തിലുള്ള കുറുങ്കുഴൽ തോക്കുകൾ” (രുഗ്‌മിണിസ്വയംവരം)
എന്നിങ്ങനെയുള്ളവയുടെ പേരുകൾ നമ്പ്യാർ പലതിലും പ്രസ്താവിക്കുന്നുണ്ടു്.
കൊല്ലവഷം 917-ൽ കുളച്ചൽ എന്ന സ്ഥലത്തുവച്ചു തിരുവിതാംകൂർസേനയും ഡച്ചുസൈന്യങ്ങളുമായി നടന്ന യുദ്ധത്തിൽ ഏതാനും ഡച്ചുകാരെ മാർത്താണ്ഡവർമ്മ മഹാരാജാവു തടവുകാരായി പിടിക്കയുണ്ടായി. അവരിൽ ഒരാൾ ഡിലനായി എന്ന ഡച്ചുസേനാനായകനായിരുന്നു. അദ്ദേഹമാണു് പിന്നീടു തിരുവിതാംകൂറിലെ “വലിയ കപ്പിത്താൻ ‘ ആയിത്തീർന്നത്. ഡിലനായി തിരുവിതാംകൂർ സേനകളെ പാശ്ചാത്യരീതിയിൽ യുദ്ധമുറകൾ അഭ്യസിപ്പിക്കുവാൻ തുടങ്ങി. ലന്തക്കുഴലുകളും പീരങ്കികളും മററും നാട്ടു സൈന്യങ്ങൾ ഉപയോഗിക്കുവാൻ തുടങ്ങിയതും അക്കാലം മുതലാണ്. ആവക സംഗതികളെ കൂടി അനുസ്മരിച്ചുകൊ ണ്ടത്രെ കവി മേല്പറഞ്ഞ ആയുധങ്ങളെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതു്.
