അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

മേൽപ്രകാരം സ്വരൂപിക്കുന്ന സൈന്യങ്ങളെല്ലാം കോട്ടയിൽ വന്നുചേർന്നാൽ അവർക്കു ബഹുവിഭവങ്ങളോടു കൂടിയ ഒരു സദ്യ നൽകുക അന്നു പതിവായിരുന്നു. അനന്തരം ആയുധപാണികളായ ഭടന്മാർ ക്രമമനുസരിച്ചു അണി അണിയായി നിരന്നുനിന്നു ഭേരീപടഹാദിവാദ്യദ്വനികൾ മുഴക്കി ശത്രുരാജ്യത്തിലേയ്ക്കു് പ്രയാണം ചെയ്യുന്നു. പട ചെന്നുകയറിയാലുള്ള പലവിധ അഴിമതികളെപ്പറ്റി പ്രദോഷമാഹാത്മ്യം മുതലായ കൃതികളിൽ കവി സരസമായി ഭടന്മാരെ വിവരിച്ചിട്ടുണ്ടു്. ശത്രുക്കളോടു പൊരുതുന്ന രീതി, സത്യാസ്വയംവരത്തിൽ വിവരിച്ചുകാണുന്നതിങ്ങനെ

“വെട്ടുകൾ ചില തട്ടുകൾ മുട്ടുകൾ തടവുകൾ മറെറാരുദിക്കിൽ
അടികളുമഥപിടികളുമിടികളുമിളകിനപൊടികളുമുടനെ
അടിമുടി തടിപൊടിയുമൊരടവുകളുടനുണ്ടൊരുദിക്കിൽ
വില്ലുകളുടെ വിളയാട്ടം പടതല്ലുകളെല്ലെതകർത്തും
കല്ലുകൾമരമൊരുവകമല്ലുകൾ പല്ലു കടിച്ചു പൊടിച്ചും
‘പരിചകളുടെ ചട ചട പടുരവമൊരുദിശി പൊടുപൊടെ വെടിയും
കരികടെ കടുരടിതവുമടലതിലിടിപൊടി ഘടഘടഘോഷം’

ഇന്നത്തെ യുദ്ധരീതി ഇതിൽനിന്നു് അത്യന്തം ഭിന്നമാണെന്നു പറയേണ്ടതില്ലല്ലോ.