തുള്ളലുകളിൽകാണുന്ന കേരളം
“രാജ്യകാര്യങ്ങളെ ക്ലേശിക്കയെന്നൊരു
വ്യാജംനടിച്ചു സമസ്ത സാധുക്കളെ
തേജോവധം ചെയ്തു വിത്തമാർജ്ജിച്ചുകൊ-
ണ്ടാജീവനാന്തം കഴിക്കുന്നിതു ചിലർ”
എന്നു പ്രസ്താവിച്ചിട്ടുള്ളതു മന്ത്രിമാർ, കാര്യക്കാരന്മാർ തുടങ്ങിയ അന്നത്തെ സകല ഉദ്യോഗസ്ഥന്മാരുടേയും സാധാരണ നടപടിയെ വ്യക്തീകരിക്കുന്ന ഒരു പരമാർത്ഥം മാത്രമാണു്.
രാജ്യത്തെ സൈന്യസമൂഹത്തിൽ ഏറിയ പങ്കും നായന്മാർ തന്നെയായിരുന്നു. പൌണ്ഡ്റകവധം, പ്രദോഷമാഹാത്മ്യം, ഘോഷയാത്ര, സഭാപ്രവേശംമുതലായ കൃതികളിൽ നായർഭടന്മാരെപ്പറ്റി മാത്രമേ പ്രസ്താവിച്ചു കാണുന്നുള്ള. എങ്കിലും അക്കാലത്ത് എല്ലാ സമുദായങ്ങളും സൈനികസേവനം ചെയ്തിരുന്നു എന്നുള്ളതു് നിസ്തർക്കമാണു’. പട്ടാണികൾ, ഈഴവർ, പലവകുപ്പുകളിൽ ഉൾപ്പെട്ട നസ്രാണികൾ, ജോനകർ, മുക്കവർ മുതലായ ഇതരസമുദായങ്ങളും അക്കാലങ്ങളിൽ പട്ടാളസേവനം ചെയ്തിരുന്നു വെന്നു രുഗ്‌മിണീസ്വയംവരം മുതലായ ചില കൃതികളിൽ നിന്നു വ്യക്തമാകുന്നുണ്ട്. രാജാവിൻ്റെ അകമ്പടിക്കും രാജഭവനത്തിന്റെ കാവലിനുമായി ഏതാനും സൈന്യങ്ങളെ മാത്രമെ അക്കാലത്തു രാജധാനികളിൽ നിത്യച്ചിലവു നൽകി പാർപ്പിച്ചിരുന്നുള്ള. അങ്ങനെ പാർപ്പിച്ചിരുന്ന സൈന്യങ്ങളിൽ രാജാവിൻ്റെ അകമ്പടിക്കാരായിരുന്നതു് നായർഭടന്മാരായിരുന്നു. ബാഹ്യശത്രുക്കളുടെ ആക്രമണത്തെ തടുക്കുവാനുള്ള ചുമതല ബ്രിട്ടീഷുകാർ വഹിച്ചതോടുകൂടി മററു സൈന്യങ്ങളുടെ ആവശ്യം തീരെ ഇല്ലാതാവുകയും അക്കാലംമുതൽക്ക് അകമ്പടിക്കാരായ നായർഭടന്മാർമാത്രം രാജധാനികളിൽ അവശേഷിക്കുകയും ചെയ്തു. എന്നാൽ നമ്പ്യാരുടെ കാലത്ത് അതായതു് ഒരുന്നൂറ്റമ്പതു കൊല്ലങ്ങൾക്കുമുമ്പു്, യുദ്ധസന്ദർഭംവരുമ്പോൾ വിവിധ സമുദായങ്ങളിൽനിന്നു സേനകളെ കൂട്ടിസ്വരൂപിക്കുന്ന പതിവു ഉണ്ടായിരുന്നുവെന്നുള്ള വസ്തുത നമുക്ക് ഒരിക്കലും വിസ്മരിക്കുവാൻ പാടുള്ളതല്ല.
