അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

തുള്ളലുകളുടെ രചന, നമ്പ്യാർ അമ്പലപ്പുഴയിലും തിരുവനന്തപുരത്തും താമസിക്കുന്ന കാലത്തായിരുന്നല്ലോ. അമ്പലപ്പുഴവച്ചു രചിച്ചകൃതികളിൽ പ്രായേണ ചെമ്പകശ്ശേരി രാജവർണ്ണന കാണാം. ഘോഷയാത്ര, കിരാതം മുതലായ ചില തുള്ളലുകൾ ആരംഭിക്കുന്നതുതന്നെ ചെമ്പകശ്ശേരിരാജാവായ ദേവനാരായണസ്വാമികളുടെ രാജ്യഭര ണരീതിയെ വർണ്ണിച്ചുകൊണ്ടാണു്.

“ഉലകു ജയിച്ചു ജയശ്രീകൾക്കൊരു
കുല​ഗൃഹമാകിന കുവലയനയനൻ,
ഉലകുടെ പെരുമാളവനീപതികുല-
തിലകമതാകിന മന്നരിൽ മന്നൻ,
വലരിപുസന്നിഭനംബുധികാഞ്ചി-
വിലയിതമാകിന വസുധാചക്രം
കുലബലധനജനപൗരുഷശാലി
നലമോടു വാണു വസിക്കും കാലം
പാരിൽ ദ്രവ്യവിഭൂതി പെരുത്തു.” (ഘോഷയാത്ര.)

ഒരു ശാസ്ത്രബ്രാഹ്മണൻ രാജാവിനെ ധരിപ്പിച്ച സംഗതികൾ ശ്രോതാക്കളോടു റിപ്പോർട്ട് ചെയ്യുന്ന മട്ടിലാണു കിരാതംതുള്ളൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നതു’.