തുള്ളലുകളിൽകാണുന്ന കേരളം
കോവിലകത്തെ പ്രധാന ഉദ്യോഗസ്ഥൻ സർവ്വാധികാര്യക്കാരാണു്. സർവ്വാധിയുടെ കീഴിൽ അദ്ദേഹത്ത സഹായിക്കുന്നവരായി അനേകം കാര്യക്കാരന്മാർ ഉണ്ടായിരിക്കും. അവരുടെ കീഴിലായി മേനോക്കി, കണക്കപ്പിള്ള, മണ്ഡപത്തും വാതൽ അധികാരി എന്നുതുടങ്ങി അനേകം ഉദ്യോഗസ്ഥന്മാർ കാണും. വളരെക്കാലം രാജധാനി കളിൽത്തന്നെ താമസിച്ചിരുന്നതുകൊണ്ടു് നമ്പ്യാർക്കു സർവ്വാധികാര്യക്കാർ മുതലുള്ള സകല ഉദ്യോഗസ്ഥന്മാരുടേയും ഉള്ളകള്ളികൾ വേണ്ടപോലെ മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നു. അവയെ ലേശംപോലും ഗോപനം ചെയ്യാതെ തുള്ളലുകളിൽ അദ്ദേഹം പ്രകാശിപ്പിക്കയും ചെയ്തുകാണുന്നുണ്ടു്.
കൊട്ടാരം ഉദ്യോഗസ്ഥന്മാരുടെ സഹായം കൂടാതെ രാജസന്നിധിയിൽനിന്നു ഒരു കാര്യവും നേടുവാൻ അന്നു മററുള്ളവർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇക്കൂട്ടരോ, കൈക്കൂലിക്കാരും ദുർന്നയക്കാരും അസൂയാലുക്കളുമാണു്. രാജധാനിയിൽനിന്നു സാധിക്കേണ്ട സകല സംഗതികൾക്കും നാട്ടുകാർക്കു് ഇവരെ ശരണം പ്രാപിച്ചേ മതിയാവൂ. കൊട്ടാരം അധികാരികളുടെ അപനയങ്ങളെപ്പറ്റിയുള്ള അനേകം സംഗതികൾ ഹരിണീസ്വയംവരം, മൃഗമോക്ഷം, ശീലാവതീചരിതം, നളചരിതം മുതലായ കൃതികളിൽ നമ്പ്യാർ വ്യക്തമായി പ്രകാശിപ്പിച്ചിരിക്കുന്നു.
