തുള്ളലുകളിൽകാണുന്ന കേരളം
“നിങ്ങടെ വസ്തു വില്ക്കുകയില്ല ഭൂ-
ജംഗദ്ധ്വജനതു ബോധിച്ചാലും” (പാത്രചരിതം)
എന്നിങ്ങനെയുള്ള പ്രസ്താവന അതിലേയ്ക്കു് തെളിവുനൽകുന്നുണ്ടു്. രാജാക്കന്മാർക്കു ‘വാഴും നിലങ്ങടെ രാജഭോഗം ങ്ങളെ കൂടാതെ’ ‘ഏഴയും കോഴയുമങ്കചുങ്കങ്ങളും’ മററും പ്രജകളിൽനിന്നുള്ള അക്കാലത്തെ പ്രധാന ധനാഗമമാർഗ്ഗങ്ങളായിരുന്നു.
കുററക്കാരെ ശിക്ഷിക്കുന്ന വിഷയത്തിൽ യാതൊരു ദാക്ഷിണ്യവും അക്കാലത്തുണ്ടായിരുന്നില്ല. എത്ര നിസ്സാരമായ കുററങ്ങൾക്കും കഠിനമായ ദണ്ഡനീതിയാണു നടത്തിവന്നതു്. അധികൃതന്മാരുടെ അപനയങ്ങൾമൂലം ചിലപ്പോൾ ശിക്ഷ അനുഭവിക്കേണ്ടിവരുന്നതു തീരെ നിരപരാധിയായ ഒരാളായിരിക്കും. രുഗ്‌മണിസ്വയംവരത്തിൽ അന്നത്തെ രാജനീതിയെപ്പറ്റി ചില പ്രസ്താവങ്ങൾ ചെയ്തു കാണുന്നുണ്ടു്. മോഷണക്കുററത്തിനു വധശിക്ഷയാണു നടത്തി യിരുന്നതു്. ഏതു കുററം ചെയ്താലും വധശിക്ഷയിൽനിന്നു ബ്രാഹ്മണരെ ഒഴിവാക്കിയിരുന്നു. അങ്ങനെയുള്ള കുറ്റങ്ങൾക്ക് അവരെ നാടുകടത്തുകയായിരുന്നു പതിവു്. വളരെ ഗൗരവമേറിയ കുററങ്ങൾക്കു മാത്രമേ ബ്രാഹ്മണരെ അക്കാലത്തു ശിക്ഷിച്ചിരുന്നുള്ള. ഏതു കുററവും ബ്രാഹ്മണേതരന്മാർ ചെയ്തിരുന്നാൽ ശിക്ഷ അതികഠിനമായിരുന്നു.
