അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

“വിത്ത് കൂലിക്കും വകയില്ലയെങ്കിൽ കൊ-
ടുത്തുഴവാക്കുമക്കണ്ടങ്ങളൊക്കവേ
വിത്തിരട്ടിപ്പാട്ടം നെല്ലുമളപ്പിക്കു –
മിത്തരം നമ്മുടെ രാജ്യരക്ഷാവിധം” (ന‍‍ൃഗമോക്ഷം)

കൃഷിചെയ്യാൻ വിത്തിനും കൂലിക്കും വകയില്ലാതെ വന്നാൽ രാജാവുതന്നെ കടംവായ്‌പകൊടുത്തു ജനങ്ങളെ സഹായിച്ചുവന്ന ഭരണരീതി ആശാസ്യമാണെന്നുള്ളതിനു യാതൊരു സംശയവുമില്ല. പക്ഷെ അക്കാലത്തുണ്ടായിരുന്ന ഒരു പ്രധാന ന്യൂനത, വസ്തുവകകൾ കുടികൾക്കു സ്ഥിരമായനുഭവിക്കത്തക്ക യാതൊരു വ്യവസ്ഥയും ഇല്ലാ യിരുന്നുവെന്നുള്ളതാണു്. ഊഴിയത്തിനു ഭംഗംവരുകയൊ, വസ്തുവുടമസ്ഥന്മാരുടെ നേരെ രാജാവിനു മറേറതെങ്കിലും വിധത്തിൽ അപ്രിയം ജനിക്കയൊ ചെയ്താൽ അനുഭവ വസ്തുക്കൾ മററുള്ളവർക്കു ചാർത്തിക്കൊടുക്കുന്ന പതിവ് അന്നു സാധാരണമായിരുന്നു. ‘ദുര’ മൂത്ത ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ ദുർന്നയങ്ങളാണ് ഇവയെല്ലാം ഹേതുവാ യിരുന്നതെന്നും പറയാതെ തരമില്ല.

“പത്തുവിതച്ചാലതു പത്തുവിളയും കണ്ടം
പത്തുപറയ്ക്കുള്ളതെടുത്തു മറ്റാർക്കാനും കൊ-
ടുത്തു യജമാനന്മാർ പത്തു പണം കൈയിലെ-
ടുത്തുകൊടുത്തെന്നാൽ പൊറുത്തു അതല്ലെന്നാൽ പു-
റത്തുപോമെന്നല്ലാ മറുത്തു പണിതുടങ്ങും.” (രുഗ്മിണീസ്വയംവരം)

ഈവിധത്തിലുള്ള അസ്ഥിരത ജനങ്ങളുടെ പ്രയത്നശീലത്തെതന്നെ നശിപ്പിച്ചുകളയുന്നതാണെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലൊ. എന്നാൽ നമ്പൂതിരിമാർക്ക് അക്കാലത്തും വസ്തുക്കളിൽ സ്ഥിരാവകാശമുണ്ടായിരുന്നു.