അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

പ്രജകളിൽനിന്നും കരം പിരിക്കുന്ന രീതിയെപ്പററിയും ആ കൃതിയിൽത്തന്നെ ചില സംഗതികൾ സൂചിപ്പിച്ചു കാണുന്നുണ്ടു്. ഒരുപറ വിത്തു വിതച്ചുണ്ടാകുന്ന വിളവിൽ, രണ്ടുപറ രാജഭോഗമായി കൃഷിക്കാർ കൊടുക്കണ മെന്നായിരുന്നു നിയമം. കൂടുതൽ പ്രയത്നിച്ചു വിളവ് എത്ര വർദ്ധിപ്പിച്ചാലും രണ്ടു പറയിലധികം ഒരാളും രാജ ഭോഗമായി കൊടുക്കേണ്ടിയിരുന്നില്ല. ഈ സ്വാതന്ത്ര്യം കൃഷിക്കാർക്ക് പ്രോത്സാഹനകമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. പട്ടന്മാർ അന്നത്തെ പ്രധാന വ്യാപാരികളായിരുന്നു. അവരിൽ നിന്ന് ആദായത്തിൻ്റെ നാലിലൊന്നാണ് നികുതിപിരിച്ചുവന്നതു്. നായന്മാർ യുദ്ധസന്നദ്ധരായി എപ്പോഴും ഇരുന്നുകൊള്ളണം.

“വീടന്മാരും വിളവുകൾ നെല്ലുകൾ
വിത്തിലിരട്ടി നമുക്കു തരേണം;
നാട്ടിലിരിക്കും പട്ടന്മാരും
നാലാമൊന്നു നമുക്കു തരേണം;
വീട്ടിലിരിക്കും നായന്മാർ പടവില്ലും കുന്തവുമേന്തിച്ചൊല്ലും-
വേലയെടുത്തു പൊറുത്തിടേണം.” (കാർത്തവീര്യാർജ്ജുനവിജയം.)

എന്നു മററുള്ള പ്രസ്താവങ്ങൾ നോക്കുക.

യുദ്ധത്തിൽ ഏർപ്പെടുന്ന ഭടന്മാർക്കും, രാജാവിനെ സഹായിക്കുന്ന മററുള്ളവർക്കും “വിരുത്തി” ഏർപ്പാടിന്മേൽ നിലം പുരയിടങ്ങൾ കണ്ടെഴുതിക്കൊടുക്കുന്ന സമ്പ്രദായവും അന്നുണ്ടായിരുന്നു.