തുള്ളലുകളിൽകാണുന്ന കേരളം
അന്നു ദിഗ്വിജയിയായിരുന്ന രാമയ്യൻ്റെ യുദ്ധതന്ത്രങ്ങളേയും ആഹവസമ്പ്രദായങ്ങളേയും നല്ലപോലെ അറിഞ്ഞിരുന്ന കവി, അതിനെ ലക്ഷ്യമാക്കിയാണൊ ഈ വരികൾ എഴുതിയതെന്നു സംശയിക്കാവുന്നതാണു്. പോരിൽ പരാജിതനാകുന്ന ഒരു രാജാവു വിജേതാവിനു നൽകേണ്ട രാജഭോഗങ്ങളുടെ സ്വഭാവവും പ്രസ്തുത വരികളിൽനിന്നു സ്പഷ്ടമാകുന്നുണ്ടല്ലൊ. ചിത്രയോധി ഹേഹയരൂപനോടു രാവണ ശാസനം പറയുന്നിടത്തു് ഈ സംഗതി ഒന്നുകൂടി വ്യക്തമാക്കുന്നുണ്ടു്.
“കപ്പം തരണം കാലംതോറും
വിളവിൽ പാതി നമുക്കു തരേണം
മുളകു സമസ്തവുമേല്പിക്കേണം
തെങ്ങുകവുങ്ങുകൾ മാവും പ്ലാവും
എങ്ങുമെനിക്കിഹ കണ്ടെഴുതേണം.”
വിളവിൽ പത്തിനു മൂന്നു പറയും, വസ്തുവിലെ ആദായത്തിൽ എട്ടിലൊന്നും നൽകണമെന്നേ രാവണൻ പറ ഞ്ഞയക്കുന്നുള്ളു. ചിത്രയോധിയാകട്ടെ, വിളവിൽ പാതി കിട്ടണമെന്നാണു് രാജശാസനം അറിവിക്കുന്നതു്. “കല്പിച്ച തിലൊരു പത്തു മടങ്ങു കവിഞ്ഞു നടക്കും കാര്യക്കാരും” എന്നു നമ്പ്യാർ വേറൊരിടത്തു പറയുന്നതു് ഇത്തരം ഉദ്ദ്യോ ഗസ്ഥദുഷ് പ്രഭുക്കളെ ഉദ്ദേശിച്ചുതന്നെയായിരിക്കണം. രാജ്യത്തുണ്ടാകുന്ന കുരുമുളകെല്ലാം കമ്പനിക്കാർക്കു കൊടുത്തു കൊള്ളാമെന്നു രാജാവ് ഉടമ്പടിചെയ്തിരുന്നതിനാലായി “മുളകു സമസ്തവുമേല്പിക്കേണം” എന്നു പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതു്.
