അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

“എന്തിനനേകം മൊഴിപറയുന്നിതു
ദന്തിരഥാദി ധനങ്ങളശേഷവു-
മിപ്പൊഴുതെങ്കൽ കയ്യാളിച്ചിഹ
കപ്പംതന്നു പൊറുക്കാമെങ്കിൽ
ഇപ്പടവന്നതു മാററിയയയ്ക്കാ-
മിപ്പൊഴുതൊരുകുറി നികൃതിസഹിക്കാം”

എന്നു പ്രദോഷമാഹാത്മ്യത്തിൽ സ്വാല ഭൂപതി വിദർഭ മഹീന്ദ്രനെ ഗ്രഹിപ്പിക്കുന്ന ഭാഗത്ത് ഈ സംഗതി സ്പഷ്ടമാണു്. യുദ്ധത്തിനായി പുറപ്പെട്ട രാവണൻ കാത്തവീര്യനെ അറിയിക്കുവാൻ ചിത്രയോധിയോടു പറഞ്ഞയക്കുന്നതു നോക്കുക:-

“ഇപ്പടിനിന്നുടെ താന്തോന്നിത്തമ-
തിപ്പൊഴതിവിടെ നടക്കയുമില്ല,
ചൊല്ലൊങ്ങും ദശകണ്ഠമഹേന്ദ്രൻ
കല്പിക്കുന്നതുകേട്ടേ പോവൂ
കപ്പം തരണം നമ്മുടെ നാട്ടിലി-
രിപ്പാനാഗ്രഹമുണ്ടെന്നാകിൽ
മുപ്പറയും പുനരെട്ടൊന്നും പല
വൈപ്പുകളുണ്ടതു തന്നില്ലെങ്കിൽ
വെക്കം നിന്നുടെ നാടും നഗരവു-
മൊക്കെപ്പാടെയടക്കും നിന്നുടെ
ധിക്കാരങ്ങളഹങ്കാരങ്ങളു-
മിക്കാലങ്ങളിൽ നമ്മോടുകൂടാ.
യുദ്ധം ചെയ്തു ജയിക്കാമെന്നൊരു
ബുദ്ധിനിനക്കു തരിമ്പുണ്ടെങ്കിൽ
പത്തുശതം കരമുള്ളതിൽ വില്ലുമെ-
ടുത്തു പടയ്ക്കു പുറപ്പെട്ടാലും!”