അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

രാജ്യഭരണരീതിയെപ്പറ്റി അനേകം സംഗതികൾ തുള്ളലുകളിൽനിന്നു നമുക്കു ഗ്രഹിക്കുവാൻ കഴിയുന്നു. ഇന്നത്തെ നിയമസഭകളും പ്രജാസഭകളും അന്നില്ലായിരുന്നു വെങ്കിലും, രാജാക്കന്മാർ ആസ്ഥാനമണ്ഡപങ്ങളിൽ എഴുന്നള്ളിയിരുന്നു രാജ്യകാര്യങ്ങൾ കേൾക്കുകയും, പ്രധാന ഉദ്ദ്യോഗസ്ഥന്മാരുമായി അനന്തരകരണീയത്തെപ്പററി ആലോചിക്കുകയും അന്നും പതിവുണ്ടായിരുന്നു.

“ഉലകിനിവണ്ണം പൊലിമവരുത്തി-
ക്കുലബല ഭൂഷണമുലകുടെ പെരുമാൾ
പലപലമന്ത്രികളോടിടകൂടി പലസുഖസുമുഖം വാണരുളുന്നാൾ
ഒരുദിനമരശൻ നരവര സഭയിൽ
പരിചൊടു മണിസിംഹാസനമേറി-
പരിണതരാകിന മന്ത്രികളോടൊ –
ന്നരുളിച്ചെയ്താ നമിതോത്സാഹൻ.”

എന്നിങ്ങനെ ഘോഷയാത്രയിലും മററും കാണുന്ന പ്രസ്താവങ്ങൾ മേല്പറഞ്ഞ സംഗതിക്കു തെളിവുനൽകുന്നവയാണു്. അക്കാലത്തു കേരളത്തിൽ, പ്രത്യേകിച്ചു ദക്ഷിണഭാ​ഗത്ത് സമരം സർവസാധാരണമായിരുന്നതുകൊണ്ടു തത്സംബന്ധമായ സംഗതികൾ — ശത്രുവിനെ കീഴടക്കേണ്ട മാർഗ്ഗങ്ങളും അതിനുള്ള ഒരുക്കങ്ങളും — ആയിരുന്നു രാജ്യ കാര്യങ്ങളിൽ സർവ്വപ്രധാനമായ ആലോചനാവിഷയം. അയൽ രാജ്യങ്ങളെ ആക്രമിക്കുന്നതിൽ സേവകന്മാരായി കൂടുന്ന ചിലരുടെ ഏഷണികളും രാജാവിനെ പ്രേരിപ്പിക്കാതിരിക്കുന്നില്ല. കാർത്തവീര്യാർജുനവിജയത്തിൽ കലഹ പ്രിയനായ നാരദൻ്റെ ഏഷണിമൂലമാണല്ലൊ കാർത്തവീര്യാർജുനനോടു പടവെട്ടുവാൻ രാവണൻ പുറപ്പെടുന്നതുതന്നെ. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന പ്രമാണമായിരുന്ന അക്കാലങ്ങളിൽ അകാരണമായിട്ടും ബലവാൻ ദുർബ്ബലനെന്നു തോന്നുന്നവനെ ചെന്നെതിർക്കുക പതിവായിരുന്നു.