തുള്ളലുകളിൽകാണുന്ന കേരളം
ദിജവരഭക്തി അന്നത്തെ രാജാക്കന്മാരിൽ പ്രബലമായിരുന്നു. ദിഗ്വിജയാനന്തരം അതായതു 924-ലും 925-ലും “ശോഭാസമുദയ പൂർണ്ണസുവർണ്ണതുലാഭാരാദി മഹാ ദാനങ്ങളും”, “മന്ത്രജപം ബഹുമുറജപം” തുടങ്ങിയ പുണ്യ ക്രിയകളും മാർത്താണ്ഡവർമ്മ മഹാരാജാവുതിരുമനസ്സുകൊണ്ടു് ആരംഭിച്ചതുതന്നെ അത്തരം ബ്രാഹ്മണഭക്തിയുടെ പ്രത്യക്ഷലക്ഷ്യമായിരുന്നല്ലോ. നാട്ടിന്റെ നാനാഭാഗത്തും ഊട്ടുപുരകൾ സ്ഥാപിച്ചു പട്ടന്മാർ മുതലായ ബ്രാഹ്മണ വർഗ്ഗക്കാരെ പോഷിപ്പിക്കുവാൻ മാർത്താണ്ഡമഹീപതീന്ദ്രൻ അനേകം വ്യവസ്ഥകൾ ചെയ്തിരുന്നു.
“ഊട്ടുവാനോരോരൊ കൊട്ടിലും കല്പിച്ചു
കൂട്ടുവാനുള്ളതുമൊട്ടും കുറയാതെ
ഊട്ടിൽ പതിനെട്ടുകൂട്ടം കറികളും
നാട്ടിലിരിക്കുന്ന പട്ടന്മാർക്കും പിന്നെ
മുട്ടാതെ നിത്യവുമൂട്ടുകൾ കല്പിച്ചു”
എന്നിങ്ങനെ ധ്റുവചരിതം, ഘോഷയാത്ര, സഭാപ്രവേശം, പ്രദോഷമാഹാത്മ്യം മുതലായ കൃതികളിൽ ആവക ഏർപ്പാടുകളെപ്പറ്റി സവിശേഷമായി വർണ്ണിച്ചുകാണുന്നുണ്ടു്.
