തുള്ളലുകളിലെ വർണ്ണനാരീതി
ഭീമൻ, ധുര്യോധനൻ, ദേവേന്ദ്രൻതുടങ്ങിയ പുരാണപുരുഷന്മാരും, ദമയന്തി, പാഞ്ചാലി, സീത, പാർവ്വതി തുടങ്ങിയ പുരാണവനിതമാരും കേരളത്തിലെ സ്ഥിതിഗതികൾക്കനുരൂപമായ വേഷപ്പകർച്ചയോടുകൂടി മാത്രമേ തുള്ളൽ കൃതികളിൽ പ്രവേശിക്കുന്നുള്ളു. ഭൂസ്വർഗ്ഗപാതാളങ്ങൾ മുഴുവൻ നമ്പ്യാരുടെ ദൃഷ്ടിയിൽ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു. അപരിചിതങ്ങളെ സുപരിചിതങ്ങളിലേയ്ക്കു് കൊണ്ടുവരുന്ന ഈ രീതി മനോധർമ്മവികലന്മാരായ സാമാന്യജനങ്ങളെ എത്രതന്നെ ആകർഷിക്കുകയില്ല!!
അയോദ്ധ്യയിലും അളകാപുരിയിലും ലങ്കയിലും എന്നുവേണ്ട, സ്വർഗ്ഗത്തിലും പാതാളത്തിലും എല്ലാം കേരളീയർതന്നെ. കേളച്ചാരും കാളിപ്പെണ്ണും ചിരികണ്ടച്ചാരുംമാത്രമല്ല, കോന്തൻ, കേളൻ, കുമരി, ഇച്ചിരി, കൊച്ചിളയച്ചി, ഇട്ടുണ്ണീലി മുതലായവരും അവിടങ്ങളിലൊക്കെ ചെന്നുചേർന്നിട്ടുണ്ടു്. കേരളത്തിലെ നായന്മാരും, പട്ടന്മാരും, കൊങ്ങിണിമാരും, നമ്പൂരിമാരും ഇല്ലാത്ത പ്രദേശം ഇല്ലതന്നെ. അർജ്ജുനൻ, യമപുരിയിൽവെച്ചു കണ്ട കാഴ്ചകളുടെ കൂട്ടത്തിൽ,
‘കള്ളുകുടിക്കും നായന്മാരുടെ
പള്ളക്കിട്ടുകൊടുക്കണ കണ്ടു’ വത്രെ
(സ. ഗോപാലം)
